ശബരിമലയിൽ തീർഥാടന പ്രവാഹം: സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങൾ ഇന്നു മുതൽ നിലയ്‌ക്കലിൽ മാത്രം

sabarimala
വെബ് ഡെസ്ക്

Published on Jan 09, 2025, 02:51 PM | 1 min read

ശബരിമല: പമ്പയിലെ സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങൾ നിലയ്‌ക്കലേയ്‌ക്ക്‌ മാറ്റാൻ തീരുമാനം. സ്‌പോട്ട്‌ ബുക്കിങ്ങിലൂടെ ദർശനം നടത്തുന്നവരുടെ എണ്ണം ക്രമാതീതമായി ഉയർന്നതിനാൽ വരും ദിവസങ്ങളിൽ പമ്പയിൽ ഉണ്ടാകാനിടയുള്ള തിരക്ക്‌ കണക്കിലെടുത്താണ്‌ ദേവസ്വം ബോർഡ് തീരുമാനം. പമ്പയിൽ പ്രവർത്തിച്ചിരുന്ന ഏഴ്‌ കൗണ്ടറുകളും നിലയ്‌ക്കലേയ്‌ക്ക്‌ മാറ്റും. നിലയ്‌ക്കൽ കെഎസ്‌ആർടിസി ബസ്‌ സ്റ്റാൻഡിനോട്‌ ചേർന്നുള്ള 20,000 ചതുരശ്ര അടി വീസ്‌തീർണമുള്ള ജർമൻ പന്തലിലേയ്‌ക്കാണ്‌ കേന്ദ്രം മാറ്റുന്നത്‌.
മകരവിളക്കിന്‌ നടതുറന്നത്‌ മുതൽ ശബരിമലയിൽ വൻ തീർഥാടകത്തിരക്കാണ്. ദിവസവും ഒരുലക്ഷത്തോളം പേരാണ്‌ ശബരിമലയിൽ ദർശനത്തിനായി എത്തുന്നത്‌. പല ദിവസങ്ങളിലും സ്‌പോട്ട്‌ ബുക്കിങ്‌ എണ്ണം ഇരുപതിനായിരത്തിലും അധികമായിരുന്നു. മകരവിളക്ക് അടുത്തതിനാൽ വരും ദിവസങ്ങളിൽ തീർഥാടകർ കൂടുതലായി എത്തും. അതോടെ ദർശനംകഴിഞ്ഞ് തിരിച്ചിറങ്ങുന്നവരും ബുക്കിങ്ങിനുള്ളവരും പമ്പയിൽ എത്തിയാൽ തിരക്ക്‌ നിയന്ത്രണാതീതമാവും. ഈ സാഹചര്യത്തിലാണ് ബുക്കിങ് കേന്ദ്രങ്ങൾ മുഴുവൻ നിലയ്ക്കലിലേക്ക് മാറ്റാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്. പൊലീസിന്റെ കൂടി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ്‌ തീരുമാനം.
നിലയ്ക്കലിൽ സ്‌പോട്ട്‌ ബുക്കിങ്‌ കേന്ദ്രത്തിൽ ദിവസവും അയ്യായിരം പേർക്ക് മാത്രം ബുക്കിങ് നൽകി കടത്തിവിടുകയാണ് ചെയ്യുക. ബാക്കിയുള്ളവർക്ക് വിരിവെച്ച് വിശ്രമിക്കാനുള്ള സ്ഥലവും നിലയ്ക്കലിലുണ്ട്. മകരവിളക്ക് ഉത്സവം നടക്കുന്ന ദിവസങ്ങളിൽ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തിലും ഹൈക്കോടതി നിർദേശമനുസരിച്ച് നിയന്ത്രണം വരുത്തിയിരുന്നു. 12ന് 60,000, 13ന് 50,000, 14ന് 40,000 എന്നിങ്ങനെയാണ് വെർച്വൽ ക്യൂ വഴി ബുക്ക് ബുക്ക് ചെയ്യാവുന്നവരുടെ എണ്ണത്തിൽ വരുത്തിയ നിയന്ത്രണം.



deshabhimani section

Related News

View More
0 comments
Sort by

Home