ശബരിമലയിൽ തിരക്ക് നിയന്ത്രണവിധേയമാക്കും; കൂടുതൽ സൗകര്യങ്ങളൊരുക്കും: കെ ജയകുമാർ

തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നു
ശബരിമല: ശബരിമലയിലെ തിരക്ക് നിയന്ത്രണവിധേയമാക്കുമെന്ന് തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മരക്കൂട്ടത്തെയും ശരംകുത്തിയിലെയും ക്യൂ കോംപ്ലക്സുകൾ ഉപയോഗിക്കും. പമ്പയില്‍ തീര്‍ഥാടകരുടെ എണ്ണം കൂടുന്നതിനനുസരിച്ച് നിലയ്ക്കലില്‍ നിയന്ത്രിക്കും. മരക്കൂട്ടം മുതല്‍ ശരംകുത്തി വരെ 20 ഓളം ക്യൂ കോംപ്ലക്‌സുകളുണ്ട്. ഒരേ സമയം 500-600 ആളുകള്‍ക്ക് അവിടെ വിശ്രമിക്കുന്നതിന് സൗകര്യമുണ്ട്. ക്യൂ കോംപ്ലക്‌സില്‍ എത്തുന്ന ഭക്തര്‍ക്ക് ആവശ്യമായ കുടിവെള്ളവും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. ഇത് തീര്‍ഥാടകര്‍ ഫലപ്രദമായി ഉപയോഗിക്കണം. ക്യൂ കോംപ്ലക്‌സിലെ സൗകര്യങ്ങള്‍ മനസ്സിലാക്കുന്നതിനും അനൗണ്‍സ്‌മെന്റ് നടത്തും. ഇവിടെ ഏകോപനത്തിനായി കോ ഓര്‍ഡിനേറ്ററെ നിയോഗിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.
സ്‌പോട്ട് ബുക്കിങ്ങിനായി തീര്‍ഥാടകര്‍ പമ്പയിലെത്തുന്നത് കുറയ്ക്കുന്നതിന് നിലയ്ക്കലില്‍ ഏഴ് സ്‌പോട്ട് ബുക്കിങ്ങ് ബൂത്തുകള്‍ അധികമായി ഉടന്‍ സ്ഥാപിക്കും. പമ്പയില്‍ നിലവിലുള്ള നാല് സ്‌പോട്ട് ബുക്കിങ്ങ് ബൂത്തുകള്‍ക്ക് പുറമേയാണിത്. നിലയ്ക്കലും പമ്പയിലും താർഥാടകരെ നിയന്ത്രിക്കും. സന്നിധാനത്തെ തിരക്ക് ഒഴിവാക്കാനാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. തീര്‍ഥാടകര്‍ക്ക് ചുക്കുവെള്ള വിതരണത്തിനായി 200 പേരെ അധികമായി നിയോഗിച്ചു. ഇതിലൂടെ വരിയില്‍ നില്‍ക്കുന്ന എല്ലാവര്‍ക്കും കുടിവെള്ളവും ബിസ്‌കറ്റും ഉറപ്പാക്കും. ശുചിമുറികള്‍ കൃത്യമായി വൃത്തിയാക്കുന്നതിന് 200 പേരെ അധികമായി വിന്യസിച്ചിട്ടുണ്ട്.തീർഥാടകർക്ക് നിലയ്ക്കലിൽ തങ്ങാനുള്ള സൗകര്യം കണക്കിലെടുത്താമണ് തീരുമാനമെന്ന് ജയകുമാർ പറഞ്ഞു. സന്നിധാനത്ത് എത്തുന്ന എല്ലാവർക്കും സുഗമമായ ദർശനത്തിനുള്ള സൗകര്യം ഒരുക്കാനാണ് ശ്രമിക്കുന്നതെന്നും ജയകുമാർ പറഞ്ഞു.
മണ്ഡല – മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നശേഷം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 വരെ 1,96,594 പേരാണ് ദർശനത്തിനായി എത്തിയത്. വിർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ്ങ് ഉൾപ്പെടെയാണിത്. 16ന് വൈകിട്ട് അഞ്ചിന് നടന്ന തുറന്ന ശേഷം 53,278 പേരും 17 ന് ( വൃശ്ചികം 1) 98,915 പേരും 18ന് ഉച്ചയ്ക്ക് 12 വരെ 44,401 പേരുമാണ് അയ്യനെ കണ്ടു മടങ്ങിയത്. എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് സന്നിധാനത്തെ പൊലിസ് ക്രമീകരണങ്ങൾ. തീർഥാടനകാലത്തേക്കായി 18,000 പോലിസ് ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുക. നിലവിൽ 3500 ഉ ദ്യോഗസ്ഥരെ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്.
സുഗമവും സുരക്ഷിതവുമായ തീർഥാടനത്തിനായി പൊലിസ് എല്ലാവിധ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. തീർഥാടകർ നിർദേശങ്ങൾ പാലിച്ച് ദർശനം നടത്തി മടങ്ങണം. വിർച്ച്യൽ ക്യൂ ബുക്കിങ്ങിലൂടെയുള്ള 70,000 പേരേയും സ്പോട്ട് ബുക്കിങ്ങിലൂടെയുള്ള 20,000 പേരേയും ഉൾപ്പടെ പരമാവധി 90,000 തീർഥാടകർക്കാണ് ഒരു ദിവസം ദർശനം അനുവദിക്കുക. എല്ലാവർക്കും സുഗമമായ തീർഥാടനം ഉറപ്പാക്കുന്നതിനായി വിർച്യൽ ക്യൂ പാസ് അനുവദിച്ചിട്ടുള്ള ദിവസം തന്നെ ദർശനം നടത്തണമെന്നും എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു.









0 comments