കാനനപാതയിൽ നിരോധനമില്ല

മുന്നൊരുക്കങ്ങളും ക്രമീകരണങ്ങളും ഫലം കണ്ടു: ലക്ഷങ്ങൾ ഒഴുകിയെത്തിയിട്ടും ശബരിമലയിൽ സുരക്ഷിത ദർശനം

sabarimala
വെബ് ഡെസ്ക്

Published on Jan 11, 2025, 12:00 AM | 2 min read

ശബരിമല: മണ്ഡലകാലം ആരംഭിച്ചതു മുതൽ മകരവിളക്ക്‌ ഉത്സവം വരെ പ്രതിദിനം ലക്ഷത്തോളം തീർഥാടകർ ഒഴുകിയെത്തുന്ന കാനന ക്ഷേത്രമായ ശബരിമലയിൽ തീർഥാടനം സുഖകരം. തിക്കും തിരക്കുമില്ലാതെ സുരക്ഷിതമായി മലകയറി ദർശനം നടത്തി മടങ്ങുകയാണ്‌ തീർഥാടകർ. പരാതി രഹിതമായി മണ്ഡലകാലം സമാപിച്ച്‌ മകരവിളക്ക്‌ ഉത്സവം കൂടുതൽ മികച്ച നിലയിൽ മുന്നേറുകയാണ്‌. തീർഥാടന കാലം ആരംഭിക്കുന്നതിന്‌ മാസങ്ങൾക്ക്‌ മുമ്പേ നടപ്പിലാക്കിയ മുന്നൊരുക്ക പ്രവർത്തനങ്ങളും നട തുറന്നതിന്‌ ശേഷം നടപ്പിലാക്കി വരുന്ന ചിട്ടയായ ക്രമീകരണങ്ങളുമാണ്‌ ശബരിമലയിൽ സുരക്ഷിത ദർശനം സാധ്യമാക്കുന്നത്‌. ലക്ഷത്തിന്‌ മുകളിൽ തീർഥാടകർ എത്തിയ ദിവസങ്ങളിലും സർക്കാരും ദേവസ്വം ബോർഡും വിവിധ വകുപ്പുകളും ചേർന്ന്‌ മികച്ച നിലയിൽ കാര്യങ്ങൾ മുന്നോട്ട്‌ കൊണ്ടുപോകുന്നു.


മണ്ഡലകാലം 41 ദിവസം പൂർത്തിയായപ്പോൾ 32,49,756 പേരാണ്‌ ശബരിമലയിൽ ദർശനം നടത്തിയത്‌. മകരവിളക്ക് ഉത്സവത്തിന് നടതുറന്ന 30 മുതൽ ബുധനാഴ്ച വരെ 9,91,101 പേരുമാണ്‌ ദർശനം നടത്തിയത്‌. ഈ സീസണിൽ ആകെ 42,40,857 പേരും ശബരിമലയിൽ ദർശനം നടത്തി സുഖമായി മലയിറങ്ങി. ശബരിമലയിലെത്തി മടങ്ങുന്നവരിൽ നിന്ന്‌ ദർശനവും മറ്റ് സൗകര്യങ്ങളും സംബന്ധിച്ച്‌ സംതൃപ്ത പ്രതികരണമാണ്‌ ലഭിക്കുന്നത്‌. ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെ നേതൃത്വത്തിലുള്ള ഇരുപതിലേറെ വകുപ്പുകളുടെയും ഒന്നിച്ചുള്ള പ്രവർത്തനമാണ് ഇത്‌ സാധ്യമാക്കിയത്‌. പാർക്കിങ്‌, യാത്രാ സൗകര്യം, ആരോഗ്യം, അടിസ്ഥാന സൗകര്യം, ശുദ്ധജലം, ലഘുഭക്ഷണം, പ്രസാദം, വഴിപാടുകൾ, അന്നദാനം ഇവയിലെല്ലാം കൂടുതൽ മുൻകരുതലുകളുമായാണ്‌ തീർഥാടന കാലത്തെ സ്വീകരിച്ചത്‌. ശബരിമലയിലും മറ്റും ഈ തവണ കാണാൻ സാധിച്ച വൃത്തി തീർഥാടകർ എടുത്തു പറയുന്ന കാര്യമാണ്‌.


പൊലീസ് ശക്തവും സുരക്ഷിതവുമായ തീർഥാടക നിയന്ത്രണ സംവിധാനമാണ്‌ നടപ്പാക്കുന്നത്‌. ദർശനസമയം കൂട്ടിയതും പതിനെട്ടാം പടിയിൽ പൊലീസുകാരുടെ ഡ്യൂട്ടി സമയം കുറച്ചതും ഡ്യൂട്ടിയിലുള്ളവർക്കായി കൂടുതൽ സൗകര്യമൊരുക്കിയതും കാരണം ഒരു മിനിറ്റിൽ ശരാശരി 80 പേരെ പതിനെട്ടാംപടി കയറ്റാൻ കഴിയുന്നുണ്ട്. ഇത് തിരക്ക് ഒഴിവാക്കുന്നതിൽ നിർണായകമായി. പമ്പയിൽ ഒരുക്കിയ ജർമ്മൻ പന്തലും നടപ്പന്തലുകളും സന്നിധാനത്തെ പന്തലുകളും തീർഥാടകർക്ക്‌ ഏറെ ആശ്വാസമായി. സന്നിധാനത്ത് എത്തുന്ന എല്ലാവർക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് മൂന്ന് നേരവും യഥേഷ്ടം അന്നദാനം നൽകുന്നു. വരി നിൽക്കുന്ന തീർഥാടകർക്ക്‌ വെള്ളവും ലഘു ഭക്ഷണവും ഉറപ്പാക്കുന്നു.


കാനനപാതയിൽ നിരോധനമില്ല

ശബരിമല കാനനപാതയിലൂടെ തീർഥാടകർക്ക്‌ നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്നും നിയന്ത്രണം മാത്രമാണുള്ളതെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു. എരുമേലിയിൽ ശബരിമല അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെർച്വൽ ക്യൂ ബുക്കിങ് നടത്തിയ എല്ലാ തീർഥാടകർക്കും കാനനപാതയിലൂടെ പ്രവേശനം അനുവദിക്കും. കോടതി നിർദേശം കൂടി കണക്കിലെടുത്താണ്‌ തീരുമാനം. ആചാരപരമായി കാനനപാതയിലൂടെ വരുന്ന തീർഥാടകർക്ക്‌ അനുമതി നൽകണമെന്നാണ്‌ സർക്കാരും ദേവസ്വം ബോർഡും കോടതിയോട്‌ ആവശ്യപ്പെട്ടത്. ഇത്‌ കോടതി അംഗീകരിച്ചുവെന്നും മന്ത്രി പറഞ്ഞു.


ശബരിമല മകരവിളക്ക്‌ ദർശനത്തിനുള്ള തിരക്ക്‌ ക്രമാതീതമായി വർധിക്കുമെന്നതിനാൽ പമ്പയിലെ തത്സമയ ബുക്കിങ് ഒഴിവാക്കി നിലയ്ക്കലിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്‌. പേട്ടതുള്ളലിനും തിരുവാഭരണ ഘോഷയാത്രയ്ക്കും മകരവിളക്കിനും എല്ലാ സുരക്ഷാക്രമീകരണങ്ങളുമായിട്ടുണ്ട്‌. ശനിയാഴ്ച യോഗം ചേരുമെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home