തിരുവാഭരണ ഘോഷയാത്ര നാളെ ആരംഭിക്കും
ശബരിമല: മകരസംക്രമദിനത്തിൽ ശബരിമലയിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര നാളെ പന്തളത്ത് നിന്ന് പുറപ്പെടും. നാളെ പകൽ ഒന്നിന് പുറപ്പെട്ട് 14നാണ് തിരുവാഭരണഘോഷയാത്ര ശബരിമല സന്നിധാനത്ത് എത്തിച്ചേരുന്നത്. 14ന് വൈകിട്ട് അഞ്ചിന് ശരംകുത്തിയിൽ എത്തിച്ചേരുന്ന ഘോഷയാത്രയെ ദേവസ്വം പ്രതിനിധികളും സർക്കാർ പ്രതിനിധികളും ചേർന്ന് സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും.
വൈകിട്ട് 6.15ന് കൊടിമരച്ചുവട്ടിൽ ദേവസ്വം മന്ത്രി, ദേവസ്വം ബോർഡ് പ്രസിഡന്റ്, അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരണം നൽകും. തന്ത്രിയും മേൽശാന്തിയും ചേർന്ന് തിരുവാഭരണം ഏറ്റുവാങ്ങി വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തും. തുടർന്ന് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിക്കും. 14ന് രാവിലെ 8.45നാണ് മകരസംക്രമപൂജ.
15, 16, 17, 18 തീയതികളിൽ നെയ്യഭിഷേകത്തിന് ശേഷം തിരുവാഭരണം ചാർത്തിയ അയ്യപ്പനെ ദർശിക്കാം. പതിനെട്ടാം തീയതിവരെയാണ് നെയ്യഭിഷേകവും കളഭാഭിഷേകവും നടക്കുന്നത്. മകരവിളക്ക് ദിവസം മുതൽ മണിമണ്ഡപത്തിൽനിന്നും പതിനെട്ടാംപടിയിലേക്കുള്ള എഴുന്നള്ളത്ത് ആരംഭിക്കും. 18ന് ശരംകുത്തിയിലേക്കാണ് എഴുന്നള്ളത്ത്. 20ന് ശബരിമല നട അടക്കും. പന്തളരാജ പ്രതിനിധിക്ക് മാത്രമാണ് 20ന് ദർശനത്തിന് അവസരം.
എരുമേലി പേട്ടതുള്ളൽ ഇന്ന് നടക്കും. അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളാണ് എരുമേലി പേട്ടതുള്ളലിന് നേതൃത്വം നൽകുന്നത്. 13 ന് പമ്പയിൽ എത്തിച്ചേരുന്ന അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങൾ ആചാരപരമായി പമ്പാവിളക്ക്, പമ്പാസദ്യ എന്നിവ നടത്തും. മകരവിളക്ക് ഉത്സവത്തിനുള്ള ഒരുക്കങ്ങളും ക്രമീകരണങ്ങളും പൂർത്തിയായി വരുന്നായി ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. ബോർഡ് അംഗം അഡ്വ. എ അജികുമാറും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
0 comments