ശബരിമല നട നാളെ തുറക്കും
print edition ശബരിമല തീർഥാടനം ; സുസജ്ജം , വിപുലമായ ക്രമീകരണം

പത്തനംതിട്ട
മണ്ഡല– മകരവിളക്ക് ഉത്സവത്തിന് സജ്ജമായി ശബരിമല. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. മരക്കൂട്ടം മുതൽ സന്നിധാനം വരെ ചന്ദ്രാനന്ദൻ റോഡിൽ തീർഥാടകർക്ക് വിശ്രമിക്കാൻ ബെഞ്ചുകൾ സ്ഥാപിച്ചു. വലിയ നടപ്പന്തൽ മുതൽ ശരംകുത്തി വരെ ക്യൂ കോംപ്ലക്‌സിന്റെ ഇരുവശവും 400 മീറ്ററോളം അരമതിൽ നിർമിച്ച് ഇരിപ്പിടമൊരുക്കി. ഇവിടെ കുടിക്കാൻ ചൂടുവെള്ളം കിയോസ്‌കുകള്‍ വഴി നേരിട്ടെത്തിക്കും. പമ്പ മുതൽ സന്നിധാനം വരെ 56 ചുക്കുവെള്ള വിതരണകേന്ദ്രം തുറക്കും. ജലഅതോറിറ്റിയുടെ കുടിവെള്ള കിയോസ്‌കുകളുമുണ്ട്.
വിശുദ്ധി സേനാംഗങ്ങളായ 1,200 പേരും ദേവസ്വം ബോർഡിന്റെ ശുചീകരണ തൊഴിലാളികളും 24 മണിക്കൂറും സേവനത്തിനുണ്ടാകും. ശുചിമുറികളും മറ്റും വൃത്തിയാക്കാൻ 420 താൽക്കാലിക തൊഴിലാളികളുണ്ട്. സന്നിധാനത്ത് 1005 ശൗചാലയം ഒരുക്കി. ഇതിൽ 885 എണ്ണം സൗജന്യമായും 120 എണ്ണം പണം നൽകിയും ഉപയോഗിക്കാം. ശരംകുത്തി പാതയിലെ ക്യൂ കോംപ്ലക്‌സുകളിൽ 164 ശൗചാലയം സജ്ജമാക്കി. പമ്പയിൽ 300 ശുചിമുറി ഒരുക്കി. ഇതിൽ 70 എണ്ണം സ്‌ത്രീകൾക്കാണ്. പമ്പയിൽനിന്ന് സന്നിധാനം വരെ പരമ്പരാഗത പാതയിലും സ്വാമി അയ്യപ്പൻ റോഡിലുമായി 58 ബയോ ടോയ്‌ലറ്റ് യൂണിറ്റും തുറന്നു. വിവിധ ഭാഷകളിലുള്ള ദിശാസൂചക ബോർഡുകൾ, അടിയന്തര സേവന ഫോൺ നമ്പരുകൾ എന്നിവ ഉൾപ്പെടുത്തി യൂട്ടിലിറ്റി ബോർഡുകളും സ്ഥാപിച്ചു. ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തിൽ 15 എമർജൻസി മെഡിക്കൽ സെന്ററുകളും തുറന്നു.
സന്നിധാനം തിടപ്പള്ളിയിൽ അരവണ ഉൽപ്പാദനം വർധിപ്പിച്ചു. ദിവസം മൂന്നര ലക്ഷം ടിൻ വരെ അരവണ ലഭ്യമാക്കാൻ കഴിയും. അന്നദാനവും ലഘുഭക്ഷണവും യഥേഷ്‌ടം ലഭ്യമാക്കും. മാളികപ്പുറത്തിന് സമീപമുള്ള അന്നദാന മണ്ഡപത്തിൽ രാവിലെ ആറുമുതൽ ഉപ്പുമാവ്, കടലക്കറി, ചുക്കുകാപ്പി, ഉച്ചയ്‌ക്ക് പുലാവ്, രാത്രിയിൽ കഞ്ഞി എന്നിവ ഉറപ്പാക്കി. തമിഴ്നാട് ദേവസ്വംമന്ത്രി ശേഖർ ബാബുവിന്റെ നേതൃത്വത്തിൽ തീർഥാടകർക്കായി 50 ലക്ഷം കവർ ബിസ്‌കറ്റ് എത്തിക്കും. സന്നിധാനത്ത് താമസിക്കാൻ വിവിധ കെട്ടിടങ്ങളിലായി 546 മുറി സജ്ജമാക്കി. ഇതിൽ ശബരി ഗസ്‌റ്റ് ഹൗസിലെ 56 മുറി പൂർണമായും നവീകരിച്ചതാണ്.
ശബരിമല നട നാളെ തുറക്കും
മണ്ഡല – മകരവിളക്ക് ഉത്സവത്തിന് ശബരിമല നട ഞായർ വൈകിട്ട് അഞ്ചിന് തുറക്കും. വൃശ്ചികം ഒന്നായ 17 മുതൽ പുലർച്ചെ മൂന്നിന് തുടങ്ങി പകൽ ഒന്നുവരെയും മൂന്നിന് തുടങ്ങി രാത്രി 11ന് ഹരിവരാസനം വരെയുമാണ് ദർശനസമയം. ഓൺലൈനായി 70,000 പേർക്കും തത്സമയ ബുക്കിങ് വഴി 20,000 പേർക്കും ദർശനമൊരുക്കിയിട്ടുണ്ട്. ഓൺലൈൻ ബുക്കിങ് റദ്ദായാൽ സ്ലോട്ടുകൾ തത്സമയ ബുക്കിങ്ങിനായി മാറ്റിവയ്‌ക്കും.
സ്‌ത്രീകൾക്കും കുട്ടികൾക്കും പതിനെട്ടാംപടിക്കുമുന്പ് നടപ്പന്തൽ മുതൽ പ്രത്യേകം ക്യൂ സംവിധാനവും ഏർപ്പെടുത്തി. വിവിധ വകുപ്പുകളുമായുള്ള ഏകോപനത്തിന് പരിചയസമ്പന്നരായ മുതിർന്ന ഉദ്യോഗസ്ഥർക്ക് ചുമതല നൽകി. മണ്ഡലപൂജയ്‌ക്കുശേഷം ഡിസംബർ 27ന് രാത്രി പത്തിന് നടയടയ്‌ക്കും. മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട് അഞ്ചിന് നട തുറക്കും. 20ന് അടയ്‌ക്കും.
മകരവിളക്ക് ജനുവരി 14നാണ്. അന്നുമുതൽ 18 വരെ രാത്രി മാളികപ്പുറത്ത് എഴുന്നള്ളിപ്പ്. 15 മുതൽ പടിപൂജ. 18ന് രാവിലെ പന്തളം കൊട്ടാരംവക കളഭാഭിഷേകം. 19ന് രാത്രി മാളികപ്പുറത്ത് ഗുരുതി. 20ന് രാവിലെ കൊട്ടാരംപ്രതിനിധിക്കു മാത്രം ദർശനം. തുടർന്ന് നട അടയ്‌ക്കും. വഴിപാടുകൾക്ക് ഓൺലൈൻ ബുക്കിങ് ആരംഭിച്ചു. നേരിട്ട് ടിക്കറ്റെടുത്ത് വഴിപാടുകൾ നടത്താനും സൗകര്യമുണ്ട്.
അപകട ഇന്‍ഷുറന്‍സ് പരിരക്ഷ
നാല് ജില്ലയിൽ മാത്രമുണ്ടായിരുന്ന അപകട ഇൻഷുറൻസ് കവറേജ് സംസ്ഥാനം മുഴുവനാക്കി. മരിക്കുന്ന തീർഥാടകരുടെ ആശ്രിതർക്ക് അഞ്ചുലക്ഷം രൂപ ഇൻഷുറൻസ് തുക ലഭിക്കും. കൂടാതെ സംസ്ഥാനത്തിന് പുറത്തേക്ക് ഒരുലക്ഷം രൂപ വരെയും സംസ്ഥാനത്തിനകത്ത് 30,000 രൂപ വരെയും ആംബുലൻസിന് നൽകും. ഇൻഷുറൻസ് പദ്ധതി പ്രീമിയം തുക മുഴുവനും ദേവസ്വം ബോർഡാണ് വഹിക്കുന്നത്. ഹൃദയാഘാതം ഉൾപ്പെടെയുള്ള അസുഖം മൂലം മരിക്കുന്നവർക്കായി സഹായനിധി രൂപീകരിച്ചു. മരിക്കുന്നയാളുടെ കുടുംബത്തിന് മൂന്നുലക്ഷം രൂപ ദേവസ്വം ബോർഡ് നൽകും.









0 comments