print edition കോൺഗ്രസിനും ബിജെപിക്കും ശബരിമല ‘അവസരം’ മാത്രം: വി എൻ വാസവൻ

പത്തനംതിട്ടയിലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഫീസിനു നേരെയുണ്ടായ കോൺഗ്രസ് ആക്രമണത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് സംഘടിപ്പിച്ച യോഗം മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്യുന്നു
പത്തനംതിട്ട: കേരളത്തിൽ ഇനി തങ്ങൾക്ക് ഭരണം നേടാനാകില്ലെന്ന സത്യം മനസിലാക്കി തെരഞ്ഞെടുപ്പുകാലത്ത് ശബരിമലയെ അവസരമാക്കുകയാണ് കോൺഗ്രസും ബിജെപിയുമെന്ന് മന്ത്രി വി എൻ വാസവൻ. ശബരിമല ശിൽപ്പപാളി വിഷയത്തിൽ കൃത്യമായ അന്വേഷണമാണ് നടക്കുന്നത്. കുറ്റവാളികൾ പിടിക്കപ്പെടും.
അതിലാർക്കും സംശയംവേണ്ട– മന്ത്രി പറഞ്ഞു. പത്തനംതിട്ടയിലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഫീസിനു നേരെയുണ്ടായ കോൺഗ്രസ് ആക്രമണത്തിൽ പ്രതിഷേധിച്ച് എൽഡ-ിഎഫ് സംഘടിപ്പിച്ച യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വാവര് സ്വാമിയെ തീവ്രവാദിയാക്കി മുദ്രകുത്തിയാണ് ഒരുകൂട്ടർ മുന്നോട്ടുവന്നത്. അയോധ്യയിൽ പ്രയോഗിച്ച ആയുധം ഇവിടെ പ്രയോഗിച്ചാലെന്തായെന്ന് ഒരുസന്യാസി ചോദിക്കുന്നു. എന്നാൽ അയോധ്യയിലെ ആർഎസ്‌എസിന്റെയും ബിജെപിയുടെയും പണി കേരളത്തിൽ നടക്കില്ലെന്ന് ഓർമിപ്പിക്കുകയാണ്. കാരണം ഇവിടെയൊരു മതനിരപേക്ഷ സർക്കാരുണ്ട്.
സമാനതകളില്ലാത്ത വികസന, ക്ഷേമ പ്രവർത്തനങ്ങൾ നടത്തിയാണ് കേരളം മുന്നോട്ടുപോകുന്നത്. നവംബർ ഒന്നിന് രാജ്യത്ത് ആദ്യമായി അതിദാരിദ്ര്യം നിർമാർജനം ചെയ്‌ത സംസ്ഥാനമായി കേരളം മാറും. പശ്ചാത്തല വികസനത്തിനപ്പുറം ഭക്ഷണം, വീട്, വസ്‌ത്രം, മരുന്ന് തുടങ്ങിയവയെല്ലാം ഒരുക്കുക ഒരു നാടിന്റെ അടിസ്ഥാന വികസനമാണെന്ന് കാണുന്ന സർക്കാരാണിത്. ഇത് പ്രതിപക്ഷത്തിനും ബിജെപിക്കുമൊന്നും സഹിക്കാൻ കഴിയുന്ന കാര്യമല്ല. ആ വികസനത്തെ വികൃതമാക്കി കാണിക്കാനുള്ള അവസരമായി അവർ ശബരിമലയെ കണ്ടു. അതിന്റെ ചുവടുപിടിച്ചാണ് ആക്രമണങ്ങൾ അഴിച്ചുവിടുന്നത്– അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട പഴയ സ്വകാര്യ ബസ് സ്‌റ്റാൻഡ് മൈതാനിയിൽ ചേർന്ന യോഗത്തിൽ സിപിഐ ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാർ അധ്യക്ഷനായി. മാത്യു ടി തോമസ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം എന്നിവർ സംസാരിച്ചു.









0 comments