തന്ത്രിയുടെ കുറിപ്പും ഉദ്യോഗസ്ഥർ അട്ടിമറിച്ചു

sabarimala
avatar
എസ് കിരൺബാബു

Published on Oct 13, 2025, 12:01 AM | 1 min read

തിരുവനന്തപുരം : ശബരിമലയിലെ ദ്വാരപാലക ശിൽപ്പപാളിയിലെ സ്വർണം കവർന്ന സംഭവത്തിൽ കോൺഗ്രസ് അനുകൂലികളായ ദേവസ്വം ഉദ്യോഗസ്ഥരുടെ ഇടപെടലുകൾ അടിമുടി ദുരൂഹം. നവീകരണത്തിനായി ശിൽപ്പപാളി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കൈവശം നേരിട്ട് കൊടുത്തുവിടരുതെന്ന ദേവസ്വം ബോർഡ് ഉത്തരവ് ലംഘിച്ച ഇവർ ശബരിമല തന്ത്രിയുടെ കുറിപ്പും അട്ടിമറിച്ചെന്ന് വിജിലൻസ് റിപ്പോർട്ടിലുണ്ട്. തന്ത്രിയുടെ കുറിപ്പിൽ ശിൽപ്പപാളിയിൽ സ്വർണം കുറഞ്ഞ് ചെമ്പ് തകിടുകൾ തെളിഞ്ഞതിനാൽ സ്വർണം പൂശാൻ അനുവദിക്കാം എന്നാണുള്ളത്. എന്നാൽ, ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു തന്ത്രിയുടെ കുറിപ്പ് അവഗണിച്ചാണ്‌ ചെമ്പുപാളികൾ എന്ന് മാത്രം രേഖപ്പെടുത്തിയത്‌.


ആസൂത്രണത്തിന് പിന്നിൽ വർഷങ്ങളായി ശബരിമലയിൽ ജോലി ചെയ്യുന്ന, കോൺഗ്രസ് അനുകൂലികളായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ ദേവസ്വം ബോർഡ് സെക്രട്ടറി എസ് ജയശ്രീ, മുൻ തിരുവാഭരണം കമീഷണർ കെ എസ് ബൈജു, എക്‌സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ് കുമാർ എന്നിവർക്ക് കൃത്യമായ പങ്കുള്ളതായാണ് റിപ്പോർട്ട്. 2019 ജൂൺ 17 നാണ് സ്വർണം പൂശി നൽകാൻ ഉണ്ണിക്കൃഷ്ണൻ പോറ്റി അപേക്ഷ നൽകിയത്. ഇതിൽ തന്ത്രിയുടെ അഭിപ്രായവും കുറിപ്പായി വാങ്ങിയിരുന്നു. അന്നുതന്നെ തന്ത്രിയുടെ കുറിപ്പും ചേർത്ത് മുരാരി ബാബു എക്സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ് കുമാറിന് അപേക്ഷ നൽകി. ശിൽപ്പപാളികൾ ചെമ്പ് തകിടുകളാണെന്ന്‌ മുരാരി ബാബു രേഖപ്പെടുത്തി.


ശുപാർശക്കത്ത് 18 ന് തന്നെ എക്സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ് കുമാർ ദേവസ്വം ബോർഡ് കമീഷണർക്ക് നൽകി. ഇതിലും ചെമ്പ് പാളികളും തകിടുപാളികളും എന്നാണുള്ളത്. വിജിലൻസ് ചോദ്യം ചെയ്യലിൽ പരസ്പരവിരുദ്ധമായ മൊഴിയായിരുന്നു ഇരുവരുടെയും. തിരുവാഭരണം കമീഷണറുടെ നേതൃത്വത്തിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സ്പോൺസർഷിപ്പിലും ഉത്തരവാദിത്വത്തിലും ശിൽപ്പപാളി കൊണ്ടുപോകാമെന്നായിരുന്നു 2019 ജൂലൈ 3ന് ചേർന്ന ബോർഡ് യോഗത്തിന്റെ തീരുമാനം. അന്നത്തെ ദേവസ്വം ബോർഡ് സെക്രട്ടറി ജയശ്രീ ബോർഡ് യോഗത്തിന്റെ ഉത്തരവ് തിരുത്തി. 
ശിൽപ്പപാളികൾ എന്നതിന് പകരം ചെമ്പ് പാളികളും ചെമ്പ് തകിടുകളും എന്ന് ചേർത്തു. ശിൽപ്പപാളി ഇളക്കിയെടുക്കുമ്പോൾ തിരുവാഭരണം കമീഷണർ, ശബരിമല എക്സിക്യൂട്ടീവ് എൻജിനിയർ, ദേവസ്വം സ്മിത്ത് എന്നിവർ സ്ഥലത്തില്ലാഞ്ഞിട്ടും സാന്നിധ്യമുണ്ടായതായാണ് മഹസറിൽ രേഖപ്പെടുത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Home