അയ്യപ്പ വിഗ്രഹം സ്ഥാപിക്കാന്‍ പണപ്പിരിവ്: അന്വേഷണം ആരംഭിച്ചെന്ന് സര്‍ക്കാര്‍

കൊച്ചി
ശബരിമല ക്ഷേത്രാങ്കണത്തിൽ പഞ്ചലോഹവിഗ്രഹം സ്ഥാപിക്കാന്‍ സ്വകാര്യവ്യക്തി പണപ്പിരിവ് നടത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പഞ്ചലോഹവിഗ്രഹം സ്ഥാപിക്കാന്‍ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അനുമതി ലഭിച്ചെന്ന് പ്രചരിപ്പിച്ച് തമിഴ്നാട് ഈറോഡിലെ ലോട്ടസ് ആശുപത്രി ചെയർമാൻ ഡോ. ഇ കെ സഹദേവനാണ് ധനസമാഹരണം നടത്തിയത്. ഇതിനായി ബാങ്ക് അക്കൗണ്ട് നമ്പറും ക്യുആര്‍ കോഡും മൊബൈല്‍ നമ്പറുംസഹിതം തമിഴിൽ ലഘുലേഖയും ഇറക്കിയിരുന്നു.
ക്ഷേത്രാങ്കണത്തിൽ വിഗ്രഹം സ്ഥാപിക്കാൻ ആർക്കും അനുമതിയില്ലെന്നും പണപ്പിരിവ് പാടില്ലെന്നും വ്യക്തമാക്കി വ്യാഴാഴ്ച ഹൈക്കോടതി ധനസമാഹരണം തടഞ്ഞിരുന്നു. വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് പൊലീസ് അന്വേഷണം ആരംഭിച്ചതായി സര്‍ക്കാര്‍ അറിയിച്ചത്. പണപ്പിരിവ് പാടില്ലെന്ന് വെർച്വൽ ക്യൂ പ്ലാറ്റ്ഫോമിൽ അറിയിപ്പ് പരസ്യപ്പെടുത്തിയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡും വ്യക്തമാക്കി.
അന്നദാന മണ്ഡപത്തിലോ ശബരിമലയില്‍ മറ്റിടങ്ങളിലോ വിഗ്രഹം സ്ഥാപിച്ചതില്‍ പണപ്പിരിവ് നടന്നിട്ടുണ്ടോ എന്ന് പരിശോധിച്ച് അധിക റിപ്പോര്‍ട്ട് നൽകാന്‍ ശബരിമല സ്പെഷ്യൽ കമീഷണറോട് കോടതി നിര്‍ദേശിച്ചു. വിഗ്രഹം സ്ഥാപിക്കാനോ പണം പിരിക്കാനോ അനുമതി നല്‍കിയിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് ദേവസ്വം ബെഞ്ചിനെ അറിയിച്ചു. വിശദമറുപടി നല്‍കാന്‍ സാവകാശവും തേടി.
സ്പെഷ്യൽ കമീഷണറുടെ റിപ്പോർട്ടുപ്രകാരം സ്വമേധയായെടുത്ത ഹർജിയാണ് ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രന്‍, എസ് മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് പരിഗണിച്ചത്. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.









0 comments