അപകടസാധ്യത ഒഴിവാക്കൽ ; ശബരിമലയിൽ വൈദ്യുത ഓഡിറ്റ് നടത്തും


വി എസ് വിഷ്‌ണുപ്രസാദ്
Published on Jun 07, 2025, 01:19 AM | 1 min read
പത്തനംതിട്ട
ശബരിമലയിലെത്തുന്ന തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കൂടുതൽ നിർദേശങ്ങളുമായി ദേവസ്വം ബോർഡ്. വൈദ്യുതി വിഭാഗത്തിന്റെ ഓഡിറ്റ് ഉൾപ്പെടെ നടത്തി അപകടസാധ്യത ഒഴിവാക്കണമെന്ന നിർദേശം ശബരിമല മാസ്‌റ്റർ പ്ലാൻ ഹൈപവർ കമ്മിറ്റിക്ക് സമർപ്പിച്ചു.
കഴിഞ്ഞമാസം തെലങ്കാനയിൽനിന്നെത്തിയ തീർഥാടക, ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ കുടിവെള്ള കിയോസ്‌കിന് സമീപത്തുനിന്ന് ഷോക്കേറ്റ് മരിച്ചിരുന്നു. ശബരിമലയിൽ ഷോക്കേറ്റ് മരണം അസാധാരണമായതിനാൽ വിശദമായ പരിശോധന നടത്തി വൈദ്യുത ചോർച്ച കണ്ടൈത്തിയിരുന്നു. ഇത്തരം അപകടങ്ങൾകൂടി ഒഴിവാക്കുന്നതിനാണ് വൈദ്യുത വിഭാഗത്തിന്റെ ഓഡിറ്റ് നടത്താൻ ദേവസ്വം ബോർഡിന്റെ നിർദേശം .
പമ്പയിൽനിന്ന് സന്നിധാനത്തേക്ക് വൈദ്യുതിവകുപ്പിന്റേതുൾപ്പെടെ നിരവധി കേബിളുകൾ പോകുന്നുണ്ട്. ഇവയിലൂടെ ഷോക്കേൽക്കാനുള്ള സാധ്യതയുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഈ കേബിളുകൾ ഭൂമിക്കടിയിലൂടെയാക്കണം എന്നതാണ് ദേവസ്വംബോഡിന്റെ ആവശ്യം. ദേവസ്വം ബോർഡ്, പൊലീസ്, കെഎസ്‌ഇബി തുടങ്ങി വിവിധ വകുപ്പുകളുടെ ആവശ്യത്തിനുള്ള കേബിളുകളെല്ലാം ഭൂമിക്കടിയിലൂടെ ആക്കേണ്ടിവരും. സ്വാമി അയ്യപ്പൻ റോഡ്, നീലിമല–-അപ്പാച്ചിമേട് പാത എന്നിവയുടെ അരികിലൂടെ ഭൂഗർഭസംവിധാനമുണ്ടാക്കി കേബിളുകൾ കടത്തിവിടണമെന്ന് ദേവസ്വം ബോർഡ് ദീർഘകാലമായ ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യം ഗൗരവപൂർവം പരിഗണിക്കുമെന്ന് ഹൈപവർ കമ്മിറ്റി യോഗം ഉറപ്പ് നൽകിയതായി ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. വനംവകുപ്പിന്റെ അനുമതിയും മറ്റ് വകുപ്പുകളുടെ സഹകരണവും ഉറപ്പാക്കിയേ ഇത് നടപ്പാക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.









0 comments