പുതുക്കിയ എസ്‌റ്റിമേറ്റ്‌ 
റെയിൽവേ ബോർഡ്‌ അംഗീകരിച്ചില്ല ; ശബരി പാതയിൽ മനോരമയുടെ പഴി സംസ്ഥാന സർക്കാരിന്‌

Sabari Rail
വെബ് ഡെസ്ക്

Published on Sep 21, 2025, 02:38 AM | 1 min read


തിരുവനന്തപുരം

അങ്കമാലി –ശബരി റെയിൽപ്പാതയുടെ നിർമാണ ചെലവിന്റെ 50 ശതമാനം കേരളം വഹിക്കാൻ തയ്യാറാണെന്ന്‌ അറിയിച്ചെങ്കിലും പുതുക്കിയ എസ്‌റ്റിമേറ്റ്‌ അംഗീകരിക്കാൻ റെയിൽവേ ബോർഡ്‌ തയ്യാറായിട്ടില്ല. 3810 കോടി രൂപയുടെ എസ്‌റ്റിമേറ്റ്‌ 2022 ലാണ്‌ റെയിൽവേ ബോർഡിന്‌ സമർപ്പിച്ചത്‌. ഇതിന്റെ പകുതിയാണ്‌ കേരളം വഹിക്കേണ്ടി വരികയെന്നാണ്‌ സൂചന. വസ്‌തുത ഇതാണെന്നിരിക്കെ സംസ്ഥാന സർക്കാരിനെതിരെ പഴി പറയുകയാണ്‌ മനോരമ.


ഓരോഘട്ടത്തിലും പുതിയ നിബന്ധനകളുമായി എത്തുകയാണ്‌ കേന്ദ്രസർക്കാർ. ആവശ്യമായ ഭൂമി ഏറ്റെടുത്ത്‌ നൽകിയശേഷം പദ്ധതി മരവിപ്പിച്ച നടപടി പിൻവലിക്കാമെന്നാണ്‌ ഒടുവിൽ അറിയിച്ചത്‌. ഇതുപ്രകാരം 1400 കോടി രൂപ ആദ്യം മുടക്കേണ്ടി വരും. 2019 ൽ ആണ്‌ നിർമാണചെലവിനെ ചൊല്ലി പദ്ധതി മരവിപ്പിച്ചത്‌. ദക്ഷിണറെയിൽവേയും പദ്ധതി ലാഭകരമല്ലെന്ന്‌ റിപ്പോർട്ട്‌ നൽകിട്ടുണ്ടെന്ന്‌ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. 2021 ൽ തന്നെ പദ്ധതി ചെലവിന്റെ പകുതി വഹിക്കാൻ തയ്യാറാണെന്ന്‌ കേരളം പ്രഖ്യാപിച്ചതാണ്‌.


1997-– 98 ൽ ബജറ്റിൽ പദ്ധതി പ്രഖ്യാപിക്കുന്പോൾ ചെലവ്‌ 550 കോടിയായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട്‌ തീർക്കാവുന്ന പദ്ധതിയാണ്‌ റെയിൽവേ വലിച്ചുനീട്ടിയത്‌. 2017– 2018 ൽ നിർമാണ ചെലവ്‌ 2800 കോടിയായി കണക്കാക്കി. നിലവിൽ കിഫ്‌ബി വഴി പണം മുടക്കാൻ സംസ്ഥാന സർക്കാർ തയ്യാറാണ്‌. ഇതിനെ കേരളത്തിന്റെ കടമെടുപ്പ്‌ പരിധിയിൽനിന്ന്‌ ഒഴിവാക്കണമെന്നാണ്‌ ആവശ്യം. 2024 ജൂൺ 21 ന്‌ കേന്ദ്രറെയിൽവേമന്ത്രി അശ്വിനി വൈഷ്‌ണവിന്‌ മന്ത്രി വി അബ്ദുറഹിമാൻ അയച്ച കത്തിൽ പദ്ധതിയുമായി മുന്നോട്ട്‌ പോകാൻ താൽപ്പര്യപ്പെടുന്നതിലെ വസ്‌തുതകൾ വ്യക്തമാക്കിയിരുന്നു. എന്നാൽ ഒരുനടപടിയും കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. തുടർന്ന്‌ ഇ‍ൗ വർഷം ജൂൺ മൂന്നിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ, അശ്വിനി വൈഷ്‌ണവുമായി ക‍ൂടിക്കാഴ്‌ച നടത്തി. ഇതിന്‌ പിന്നാലെയാണ്‌ തുടർചർച്ചകൾ ആരംഭിച്ചത്‌. ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ടുപോകുന്നതിന്‌ സംസ്ഥാന സർക്കാരിന്‌ തടസ്സമില്ലെന്ന്‌ 16 ന്‌ മുഖ്യമന്ത്രി നിയമസഭയിൽ ചോദ്യങ്ങൾക്ക്‌ മറുപടിയും നൽകിയിട്ടുണ്ട്‌.​



deshabhimani section

Related News

View More
0 comments
Sort by

Home