കടമ്മനിട്ടയെ കുറിച്ചൊരു സിനിമ; ആഗ്രഹം പൂർത്തിയാകാതെ എസ്‌ ജയചന്ദ്രൻ നായർ മടങ്ങി

jayachandran nair
avatar
സുനീഷ്‌ ജോ

Published on Jan 03, 2025, 09:13 AM | 1 min read

തിരുവനന്തപുരം > കവി കടമ്മനിട്ടയെ കുറിച്ച്‌ സിനിമയുണ്ടാകണമെന്ന ആഗ്രഹം പൂർത്തിയാകാതെയാണ്‌ മുതിർന്ന മാധ്യമപ്രവർത്തകനായ എസ്‌ ജയചന്ദ്രൻ നായരുടെ മടക്കം.


പത്തുദിവസം മുമ്പാണ്‌ കടമ്മനിട്ടയുടെ കവിതകൾ എന്ന പുസ്‌തകം ചലച്ചിത്രകാരൻ ഷാജി എൻ കരുണിന്‌ ലഭിച്ചത്‌. കവിയുടെ ആത്മാംശമുള്ള കവിതകൾ രേഖപ്പെടുത്തി , അതിലൂടെ കവിയെ അവതരിപ്പിക്കണമെന്നും ഇതുചെയ്യാൻ ഷാജിക്കേ കഴിയൂവെന്നും പുസ്‌തകത്തിൽ എഴുതിയിരുന്നു. എൺപതുകളുടെ അവസാനം ഷാജി എൻ കരുണിനോട്‌ സംവിധായകനാകാൻ ആവശ്യപ്പെട്ടതും അദ്ദേഹവുമായിരുന്നു.


ഛായാഗ്രാഹകനായിരിക്കേണ്ട ആളല്ലെന്ന്‌ പറഞ്ഞാണ്‌ ‘പിറവി’യുടെ കഥ ഷാജിയെ ഏൽപ്പിച്ചത്‌. ‘സിനിമാമേഖലയിൽനിന്ന്‌ ഒരുചിത്രം സംവിധാനം ചെയ്യണമെന്ന്‌ ആരും പറഞ്ഞിട്ടില്ല. ജയചന്ദ്രൻ നായരായിരുന്നു അതിന്‌ നിർബന്ധിച്ചത്‌. ചിത്രത്തിന്റെ നിർമാതാവും അദ്ദേഹമായിരുന്നു’-ഷാജി എൻ കരുൺ പറഞ്ഞു.


നാഷണൽ ഫിലിം ഡെവലപ്പ്‌മെന്റ്‌ കോർപറേഷനിൽ ഏഴുലക്ഷം രൂപ വായ്‌പ എടുത്താണ്‌ ‘പിറവി’ ചെയ്‌തത്‌. ചിത്രത്തിന്‌ മികച്ച ചിത്രം, സംവിധായകൻ ഉൾപ്പെടെ നാല്‌ പുരസ്‌കാരങ്ങൾ ലഭിച്ചു. കാൻ ഫെസ്‌റ്റിവലിൽ ചിത്രം എത്തിക്കുന്നതിന്‌ മുന്നിൽനിന്നത്‌ ജയചന്ദ്രൻ നായരായിരുന്നു.


സ്വം എന്ന സിനിമയുടെ കഥയും നിർമാതാവും എസ്‌ ജയചന്ദ്രൻ നായരായിരുന്നു. രഘുനാഥ്‌ പലേരിക്കൊപ്പം സ്വം, പിറവി സിനിമകളുടെ തിരക്കഥകളിലും അദ്ദേഹം പങ്കാളിയായി(പിറവി മുതൽ ഷാജി എൻ കരുൺ സിനിമകളുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളാണ്‌ രഘുനാഥ്‌ പലേരി). ഷാജി എൻ കരുണിനെ കുറിച്ച്‌ എസ്‌ ജയചന്ദ്രൻ നായർ എഴുതിയ ഏകാന്തദീപ്‌തികൾ എന്ന പുസ്‌തകം 29ാമത്‌ കേരള രാജ്യാന്തരചലച്ചിത്രമേളയിൽ പ്രകാശിപ്പിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home