പ്രതിസന്ധിയിൽ തളർന്നില്ല, 
സംഗീതം കരുത്തായി

s hariharan

ഡോ. എസ് ഹരിഹരൻനായർ വി ദക്ഷിണാമൂർത്തിയോടൊപ്പം. (ഫയൽ ചിത്രം)

avatar
എം പി നിത്യൻ

Published on Jul 25, 2025, 02:01 AM | 1 min read


ആലുവ

ജീവിതപ്രതിസന്ധിയിൽ തളരാതെ സംഗീതത്തിനുവേണ്ടി ആത്മസമർപ്പണം നടത്തിയ സംഗീതജ്ഞനാണ്‌ ഡോ. എസ് ഹരിഹരൻനായർ. അപകടത്തിൽ ഇരുകൈകൾ നഷ്ടമായപ്പോഴും, കലാലോകത്തിന് കരുതിവച്ചതെല്ലാം പ്രളയം കവർന്നപ്പോഴും അദ്ദേഹം പതറിയില്ല, സംഗീതയാത്ര തുടർന്നു.


1947 നവംബർ 14ന് കിഴക്കേ കടുങ്ങല്ലൂർ ചക്കുപറമ്പിൽ പി ശങ്കരൻനായരുടെയും ദേവകിയമ്മയുടെയും മകനായി ജനിച്ചു. 1971ലാണ്‌ കളമശേരി പ്രീമിയർ ടയേഴ്സിൽ ജോലിക്കിടെ അപകടത്തിൽ ഇരുകൈകളും നഷ്ടമായത്‌. ഹാർമോണിസ്റ്റായിരുന്ന തനിക്ക് കൃത്രിമ കൈയിൽ മുന്നേറാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ്‌ കർണാടക സംഗീതത്തിലേക്കുള്ള ചുവടുമാറ്റം. മാവേലിക്കര പ്രഭാവർമ, കൂനമ്മാവ് ലോനപ്പൻ ഭാഗവതർ, പള്ളുരുത്തി നടേശൻ ഭാഗവതർ തുടങ്ങിയവരുടെ ശിക്ഷണത്തിൽ സംഗീതം അഭ്യസിച്ചു. നേട്ടങ്ങൾ കൈവരിച്ചതിനൊപ്പം കിഴക്കേ കടുങ്ങല്ലൂരിൽ സരിഗ സംഗീത അക്കാദമി ആരംഭിച്ച്‌ നിരവധിപേർക്ക്‌ സംഗീതം പകർന്നുനൽകി.


2018-ലെ പ്രളയത്തിൽ വീട്‌ മുങ്ങിയപ്പോൾ സംഗീതസംബന്ധമായ നിരവധി പുസ്തകങ്ങൾക്കും സംഗീതോപകരണങ്ങൾക്കുമൊപ്പം കൃത്രിമ കൈകളും നഷ്ടമായിരുന്നു. അന്നത്തെ ആരോഗ്യമന്ത്രി കെ കെ ശൈലജ നേരിട്ടെത്തി സൗജന്യമായി പുതിയ കൃത്രിമ കൈകൾ നൽകി. പ്രസിദ്ധീകരിക്കാൻ അദ്ദേഹം തയ്യാറാക്കിയിരുന്ന ‘സംഗീത സാഗരം' എന്ന കൃതിയുടെ 15,000 പേജുകളും പ്രളയത്തിൽ നശിച്ചു.


സംഗീതസംബന്ധിയായ നിരവധി ഗ്രന്ഥങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. സരിഗ സംഗീത അക്കാദമിക്കുവേണ്ടി നവരാത്രി നാളുകളിൽ കച്ചേരിക്കായി യേശുദാസ്, ബാലമുരളീകൃഷ്ണ തുടങ്ങിയ പ്രമുഖർവരെ എത്തിയിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home