print edition കേന്ദ്രം തള്ളി കേരളം കൈവിട്ടില്ല ; റബറിന് ഇനി നല്ലകാലം

പി സി പ്രശോഭ്
Published on Oct 31, 2025, 02:19 AM | 1 min read
കോട്ടയം
റബർ കർഷകർ ദീർഘനാളായി ഉയർത്തുന്ന ആവശ്യമാണ് എൽഡിഎഫ് സർക്കാർ യാഥാർഥ്യമാക്കിയത്. റബറിന് താങ്ങുവില കിലോയ്‌ക്ക് 200 രൂപയാക്കി വർധിപ്പിച്ചത് നാടിനാകെ നേട്ടമാകും. കേന്ദ്രസർക്കാർ പൂർണമായി അവഗണിക്കുന്പോഴാണ് സംസ്ഥാനത്തിന്റെ ഇൗ കരുതൽ.
റബറിന്റെ വിപണിവില ഇരുനൂറിൽ കുറവായാൽ, കുറയുന്ന തുക സർക്കാർ സബ്‌സിഡിയായി നൽകുന്നതാണ് പദ്ധതി. ഇൻസെന്റീവ് പദ്ധതിയിൽ രജിസ്‌റ്റർ ചെയ്‌ത അഞ്ച് ലക്ഷത്തിലധികം കർഷകർക്ക് ഇത് ഗുണകരമാകും. കേന്ദ്രസഹായത്തോടെ താങ്ങുവില 250 രൂപയാക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ കേന്ദ്രം അവഗണിച്ചു. അപ്പോഴും എൽഡിഎഫ് സർക്കാർ താങ്ങുവില ക്രമമായി വർധിപ്പിച്ചു. റബറിന് 150 രൂപ കിട്ടിയിരുന്ന സമയത്ത്, 2021ൽ അന്നത്തെ ധനമന്ത്രി ടി എം തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിൽ താങ്ങുവില 170 രൂപയാക്കി. 2024ൽ മന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ തുക 180 ആക്കി. ഒന്നര വർഷത്തിനു ശേഷം, തുക 200ലെത്തിച്ച് വീണ്ടും സർക്കാർ കർഷകരോടുള്ള പ്രതിബദ്ധത തെളിയിച്ചു. ആർഎസ്‌എസ് നാലിന്റെ വ്യാപാരിവില 181.50 രൂപയിലേക്ക് കൂപ്പുകുത്തിയ സമയത്താണ് കർഷകർക്ക് പുതുജീവൻ നൽകുന്ന താങ്ങുവില പ്രഖ്യാപനം.
കോട്ടയം മാർക്കറ്റിൽ റബർ വിപണിവില അവസാനമായി 200 കടന്നത് ജൂലൈ 30നാണ്. പിന്നീടുള്ള മൂന്നുമാസം ഇടിവിന്റേതായിരുന്നു. വില 178ലേക്ക് വരെ ഇടിഞ്ഞു. ഇതിനിടെ മഴയും റബർ ബോർഡിൽ നിന്നുള്ള സബ്‌സിഡി മുടങ്ങലും റബർകൃഷിയെ ബാധിച്ചു. ടയർ കമ്പനികളുടെ പൂഴ്‌ത്തിവയ്‌പ്പും അനിയന്ത്രിതമായ ഇറക്കുമതിയും സൃഷ്ടിക്കുന്ന വിലയിടിവിലും റബർ മേഖല പിടിച്ചുനിന്നത് സംസ്ഥാന സർക്കാരിന്റെ താങ്ങുവിലയിലാണ്.









0 comments