റബർ കയറ്റുമതിക്ക്‌ ഇയുഡിആർ നിയന്ത്രണം 2026 മുതൽ

rubber
avatar
പി സി പ്രശോഭ്‌

Published on Jan 17, 2025, 12:25 AM | 2 min read


കോട്ടയം

യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള റബർ കയറ്റുമതിക്ക്‌ 2026 ജനുവരി ഒന്ന്‌ മുതൽ ഇയുഡിആർ ചട്ടങ്ങൾ ബാധകമാക്കും. വനം നശിപ്പിക്കാതെ കൃഷിചെയ്‌ത റബർ തോട്ടങ്ങളിൽനിന്നുള്ള ഉൽപന്നങ്ങൾ മാത്രം സ്വീകരിക്കുക എന്നതാണ്‌ ഇയുഡിആർ (യൂറോപ്യൻ യൂണിയൻ ഡീഫോറെസ്‌റ്റേഷൻ റെഗുലേഷൻ) ചട്ടം. ഇനി ചെറുകിട കർഷകരടക്കം കൃഷിയിടം വനം നശിപ്പിച്ച്‌ ഉണ്ടാക്കിയതല്ലെന്ന സർട്ടിഫിക്കറ്റ്‌ റബർ ബോർഡിൽനിന്ന്‌ വാങ്ങണം. രാജ്യത്തെ എല്ലാ റബർതോട്ടങ്ങളും പരിശോധിച്ച്‌ മാപ്പിങ്‌ നടത്തി സർട്ടിഫിക്കറ്റ്‌ കൊടുക്കാനുള്ള ചുമതല റബർ ബോർഡിനാണ്‌.


ഇത്‌ നടപ്പാക്കരുതെന്ന, ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ അഭ്യർഥന അവഗണിച്ചാണ്‌ യൂറോപ്യൻ യൂണിയന്റെ നടപടി. 2020ന്‌ ശേഷം കൃഷി തുടങ്ങിയ തോട്ടങ്ങൾക്ക്‌ മാത്രമേ ഈ ചട്ടം ബാധകമാകൂ എന്നാണ്‌ യൂറോപ്യൻ യൂണിയൻ പറയുന്നതെങ്കിലും ഫലത്തിൽ എല്ലാ കർഷകരും വ്യാപാരികളും കയറ്റുമതി സ്ഥാപനങ്ങളും ബോർഡിന്റെ സർട്ടിഫിക്കറ്റ്‌ നേടണം. റബർ കൃഷി തുടങ്ങാൻ വനം നശിപ്പിച്ചില്ല എന്ന സർട്ടിഫിക്കറ്റാണ്‌ കർഷകർക്ക്‌ വേണ്ടതെങ്കിൽ, ഇത്തരം കൃഷിക്കാരിൽനിന്ന്‌ മാത്രമേ റബർ വാങ്ങുന്നുള്ളൂ എന്ന സർട്ടിഫിക്കറ്റാണ്‌ വ്യാപാരികൾ കരസ്ഥമാക്കേണ്ടത്‌. ഇതിനുവേണ്ടി റബർ ബോർഡിന്റെ വെബ്‌സൈറ്റിൽ രജിസ്‌റ്റർ ചെയ്യാം.


കാപ്പിക്കുരു, കൊക്കോ, തടി തുടങ്ങിയവയ്‌ക്കും ഇയുഡിആർ നിയമം ബാധകമാക്കിയിട്ടുണ്ട്‌. യൂറോപ്പിൽ ഏതെങ്കിലും കമ്പനി വനം നശിപ്പിച്ച്‌ കൃഷിചെയ്‌ത ഉൽപന്നം ഇറക്കുമതി ചെയ്‌തതായി കണ്ടെത്തിയാൽ, അവരുടെ വാർഷികവരുമാനത്തിന്റെ നാല്‌ ശതമാനം പിഴയായി അടയ്‌ക്കണം.


ഐഎസ്‌എൻആർ 
ബ്രാൻഡിങ്‌

ഇയുഡിആർ ചട്ടപ്രകാരം റബർ ബോർഡ്‌ കർഷകർക്ക്‌ നൽകുന്നത്‌ "ഇന്ത്യൻ സസ്‌റ്റൈനബിൾ നാച്ചുറൽ റബർ' (ഐഎസ്‌എൻആർ) ബ്രാൻഡിങ്‌ സർട്ടിഫിക്കറ്റായിരിക്കും. ഭാവിയിൽ യൂറോപ്യൻ യൂണിയന്റെ പാത പിന്തുടർന്ന്‌ മറ്റ്‌ രാജ്യങ്ങളിലും ഇറക്കുമതിക്ക്‌ വനനശീകരണം തടയൽ നിയമങ്ങൾ വരാൻ സാധ്യതയുണ്ടെന്ന്‌ കണക്കാക്കിയാണിത്‌. പരിസ്ഥിതി സൗഹാർദപരമായ സുസ്ഥിര രീതികളിലൂടെ ഉൽപാദിപ്പിച്ച റബർ എന്നതാണ്‌ ഐഎസ്‌എൻആർ ബ്രാൻഡിങ്‌. ഇത്‌ രാജ്യത്ത്‌ നടപ്പാക്കാൻ "ട്രസ്‌റ്റോ 01' എന്ന ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌. ഇവർ റബർ ബോർഡുമായി ചേർന്ന്‌ പദ്ധതി നടപ്പാക്കും. ഐഎസ്‌എൻആർ ബ്രാൻഡിങ്‌ ഇന്ത്യൻ റബറിന്‌ ആഗോളതലത്തിൽ സ്വീകാര്യത നേടിക്കൊടുക്കുമെന്നാണ്‌ ബോർഡിന്റെ അവകാശവാദം.

റബർ തോട്ടങ്ങളുടെ മാപ്പിങ്ങാണ്‌ ഇതിനായി ആദ്യം നടത്തുക. കേരളത്തിലെ എട്ട്‌ ജില്ലകളിലടക്കം ദക്ഷിണേന്ത്യയിൽ ഇതിന്റെ പരിശീലന പരിപാടികൾ ആരംഭിച്ചു. പ്രാദേശികമായി വളന്റിയർമാരെ കണ്ടെത്തിയാണ്‌ പരിശീലനം നൽകുന്നത്‌. ഇവർ തോട്ടം നേരിൽ സന്ദർശിച്ച്‌ മാപ്പിങ്‌ നടത്തും.



deshabhimani section

Related News

View More
0 comments
Sort by

Home