സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയെ ആർഎസ്എസ് സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു

കുന്നംകുളം
പോർക്കുളം മങ്ങാട് മാളോർക്കടവിൽ വടിവാളുകളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആർഎസ്എസ് സംഘം സിപിഐ എം മാളോർക്കടവ് ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിപ്പരിക്കേൽപ്പിച്ചു. കുറുമ്പൂർ വീട്ടിൽ മിഥുൻ അജയഘോഷിനാണ് (32) വെട്ടേറ്റത്. പരിക്കേറ്റ മിഥുനിനെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.
അമിതമായി ലഹരി ഉപയോഗിച്ചെത്തിയ ആർഎസ്എസ്– ബിജെപി പ്രവർത്തകർ മാളോർകടവിലെ കോതോട്ട് കുടുംബ ക്ഷേത്രത്തിനു സമീപം ക്യാരംസ് കളിക്കുകയായിരുന്ന നാലുപേരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തു. മിഥുന്റെ സഹോദരൻ മനീഷ് അടക്കമുള്ളവരെയാണ് സംഘം ആക്രമിച്ചത്.
പിന്നീട് മങ്ങാടുള്ള ആർഎസ്എസ് ക്രിമിനലുകളുമായി തിരിച്ചെത്തിയ സംഘം ക്യാരംസ് കളിച്ചിരുന്നവരെ കാണാത്തതിനെ തുടർന്ന് ഇവരുടെ ബൈക്കുകൾ നശിപ്പിച്ചു. ഇതേസമയം അൽപ്പം അകലെയുള്ള വീടിനു മുന്നിൽ സംസാരിച്ചുനിൽക്കുകയായിരുന്ന മിഥുൻ അജയഘോഷിനെ സംഘം വാളുകളുമായി ആക്രമിക്കുകയായിരുന്നു.
ഒഴിഞ്ഞുമാറുന്നതിനിടെ പിൻകഴുത്തിന് വെട്ടേറ്റ മിഥുൻ വീട്ടിലേക്ക് ഓടിക്കയറി.
കുറുമ്പൂർ വീട്ടിൽ വിഷ്ണു (31), കോതോട്ട് വീട്ടിൽ അരുൺ (31), കരുമാൻപാറ വീട്ടിൽ രാകേഷ് (35), ഗൗതം (ഡാഡു 30) എന്നിവർ ചേർന്നാണ് ആക്രമിച്ചത്. പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് മൂന്നുപേരെ സംഭവസ്ഥലത്തുനിന്നും വിഷ്ണുവിനെ വീട്ടിൽനിന്നും കസ്റ്റഡിയിലെടുത്തു. സിപിഐ എം വെട്ടിക്കടവ് ബ്രാഞ്ച് സെക്രട്ടറി ഷാജുവിന്റെ വീട്ടിലേക്ക് മാസങ്ങൾക്ക് മുമ്പ് വടിവാളുകളുമായി ആക്രമിക്കാൻ എത്തിയ സംഘത്തിലും ഇവരുണ്ടായിരുന്നു.
എംഡിഎംഎ അടക്കമുള്ള ലഹരിപദാർഥങ്ങൾ വിൽപ്പന നടത്തിയതും സിപിഐ എം പ്രവർത്തകരെ ആക്രമിച്ചതും അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് സംഘം.









0 comments