'ശാഖയാക്കാൻ അനുവദിക്കില്ല'; ഭരണഘടന ഉയർത്തിപ്പിടിച്ച് രാജ്ഭവനിലേക്ക് ഡിവൈഎഫ്ഐ മാർച്ച്

തിരുവനന്തപുരം: രാജ്ഭവനെ ആർഎസ്എസ് കേന്ദ്രമാക്കാനുള്ള നീക്കത്തിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം. ഭരണഘടന ഉയർത്തിപ്പിടിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ രാജ്ഭവനിലേക്ക് മാർച്ച് നടത്തി. രാജ്ഭവന് 100 മീറ്റർ മുമ്പിൽ വച്ച് പൊലീസ് പ്രവർത്തകരെ ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. കേരള ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനെ ആർഎസ്എസിന്റെ ചിഹ്നങ്ങളും ബിംബങ്ങളും സ്ഥാപിച്ച് ആർഎസ്എസ് ശാഖയാക്കി മാറ്റാനുള്ള ഗവർണറുടെ നീക്കം അപലപനീയമാണെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി.
ആർഎസ്എസിന്റെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനുള്ള ഇടമായി രാജ്ഭവനെ മാറ്റുന്നത് ജനാധിപത്യവിരുദ്ധവും രാജ്ഭവനിൽ നടക്കുന്ന പൊതു പരിപാടികളിൽ ഇത്തരം ബിംബങ്ങൾ ഉപയോഗിക്കുന്നത് ഭരണഘടനാ മൂല്യങ്ങൾക്ക് എതിരുമാണ്. സർക്കാർ അംഗീകരിച്ച പൊതു ബിംബങ്ങൾ മാത്രമേ ഇത്തരം പരിപാടികളിൽ ഉണ്ടാകാവൂ എന്ന കാര്യം മറന്ന് സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത ആർഎസ്എസിനെ വെള്ളപൂശാൻ രാജ്ഭവനെ ഉപയോഗിക്കപ്പെടുന്നത് ഖേദകരമാണ്. കൃഷിവകുപ്പിന്റെ പരിപാടിയിലും, വിദ്യാഭ്യാസ വകുപ്പിന്റെ പരിപാടിയിലും സമാനമായ രീതിയിൽ ഇടപെടാൻ രാജ്ഭവൻ ശ്രമിക്കുകയും ആർഎസ്എസ് ചിഹ്നങ്ങളും, ബിംബങ്ങളും ഉപയോഗിച്ച് രാജ്ഭവനിൽ നടക്കുന്ന പൊതുപരിപാടികളെ ആർഎസ്എസ് വത്കരിക്കാൻ ഗവർണർ ശ്രമം തുടരുകയാണ്. രാജ്ഭവനെ ആർഎസ്എസ് ശാഖയാക്കുവാനുള്ള ഗവർണറുടെ നീക്കം കേരളം അനുവദിക്കുകയില്ലെന്നും വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കുമെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.
രാജ്ഭവനിൽ നടന്ന സ്കൗട്ട് ആൻഡ് ഗൈഡ്സ് പരിപാടിയിൽ ആർഎസ്എസ് ചിത്രം വച്ചതാണ് വിവാദമായത്. ആർഎസ്എസ് ശാഖകളിൽ ഉപയോഗിക്കുന്ന കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രമാണ് മന്ത്രി വി ശിവൻകുട്ടി പങ്കെടുത്ത പരിപാടിയിൽ ഉപയോഗിച്ചത്. ഇതോടെ മന്ത്രി പരിപാടി ബഹിഷ്കരിച്ചു. രാജ്ഭവൻ നൽകിയ പ്രോട്ടോക്കൾ നോട്ടീസിൽ ഭാരതാംബയുടെ ചിത്രത്തിലുള്ള പുഷ്പാർച്ചന ഇല്ലായിരുന്നുവെന്നും രാജ്ഭവനും സംസ്ഥാന സർക്കാരും ചേർന്ന് നടത്തുന്ന പരിപാടിയിൽ രാഷ്ട്രീയപാർടിയുടെയോ രാഷ്ട്രീയസംഘടനയുടെയോ ചിഹ്നം സൂചിപ്പിക്കുന്ന ചിത്രങ്ങൾ വെക്കാൻ പാടില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ രാജ്ഭവനിലെ പരിപാടിയിൽ ഇതേ ചിത്രം വെച്ചത് വിവാദമാകുകയും അന്ന് പങ്കെടുക്കാനെത്തിയ കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പരിപാടി ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. ഇതിൽ സർക്കാർ ശക്തമായ പ്രതിഷേധം അറിയിച്ചതോടെ രാജ്ഭവൻ നടത്തുന്ന പരിപാടികളിൽ ഈ ചിത്രം ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകിയതാണ്. ഈ ഉറപ്പാണ് വീണ്ടും രാജ്ഭവൻ ലംഘിച്ചിരിക്കുന്നത്.









0 comments