പത്തനംതിട്ടയിലെ സിഐടിയു പ്രവർത്തകന്റെ കൊലപാതകം; മൂന്ന് പേർ കസ്റ്റഡിയിൽ

പത്തനംതിട്ട: പെരുനാട് മഠത്തുംമൂഴിയിൽ സിഐടിയു പ്രവർത്തകനെ കുത്തിക്കൊന്ന സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. എട്ട് പ്രതികളുള്ള കേസിൽ അഖില്‍, ശാരോണ്‍, ആരോമല്‍ എന്നിവരെ കസ്റ്റഡിയിലെടുത്തതായാണ് പൊലീസ് അറിയിച്ചത്. നിഖിലേഷ്, വിഷ്ണു, സുമിത്ത്, മനീഷ്, മിഥുന്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.
മാമ്പാറ പടിഞ്ഞാറേ ചരുവിൽ ജിതിൻ ഷാജിയാണ്(34) കൊല്ലപ്പെട്ടത്. ഞായർ രാത്രി 8.30ന് ബിജെപിയുടെ പ്രവർത്തകരായ വിഷ്‌ണുവും നിഖിലേഷും സുമിതും മറ്റ് രണ്ടുപേരും ചേർന്ന് അനന്തു എന്ന യുവാവിനെ മർദിച്ചിരുന്നു. ഈ പ്രശ്നം പറഞ്ഞുതീർക്കാനെത്തിയ പെരുനാട് പഞ്ചായത്ത് മെമ്പർ ശ്യാം, ഡിവൈഎഫ്ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി വിഷ്‌ണു, യൂണിറ്റ് സെക്രട്ടറി ശരത്, ആകാശ് എന്നിവരെ ബിജെപി സംഘം വെട്ടി പരിക്കേൽപ്പിച്ചു. ഇതറിഞ്ഞ് ഇവിടെത്തിയ ജിതിനെ പ്രതികളിലൊരാളകയ വിഷ്‌ണു വടിവാളിന് വെട്ടിയും കുത്തിയും അക്രമിക്കുകയായിരുന്നു.
ബിജെപി പ്രവർത്തകരുടെ ആക്രമത്തെ തുടർന്ന് ജിതിന്റെ വയറിന്റെ വലതുഭാഗത്ത് ആഴത്തിലും തുടയിലും വെട്ടേറ്റു. നാട്ടുകാർ ചേർന്ന് ജിതിനെ ആദ്യം പെരുനാട് പിഎച്ച്സിയിലും തുടർന്ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിജെപി അക്രമിസംഘം വെട്ടിപരിക്കേൽപ്പിച്ചവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു.









0 comments