കേരളത്തിലും വർഗീയവികാരം സൃഷ്ടിക്കാൻ ആർഎസ്‌എസ് നീക്കമെന്ന് ‘ദീപിക’

മുഹമ്മദ് ഹാഷിം
Published on Sep 16, 2025, 12:21 AM | 1 min read
കോട്ടയം: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേതുപോലെ കേരളത്തിലും വർഗീയവികാരം സൃഷ്ടിക്കാൻ ആർഎസ്‌എസിന്റെ ആസൂത്രിത നീക്കമെന്ന് ദീപിക ദിനപത്രം. ഇതിന്റെ ഭാഗമായാണ് ആർഎസ്‌എസ് മുഖവാരികയായ ‘കേസരി’യിൽ ക്രൈസ്‌തവ മതപ്രചാരണം തടയുക ലക്ഷ്യമിട്ട് ലേഖനം വന്നതെന്ന് പത്രം പറയുന്നു. തിങ്കളാഴ്‌ച മുഖ്യ വാർത്തയിലും മുഖപ്രസംഗത്തിലും ക്രൈസ്‌തവരെ ചാരി ഭരണഘടനയെ വെട്ടേണ്ട എന്ന് പറയുന്നു. ആർഎസ്‌എസിനും സംഘപരിവാറിനുമെതിരെ അതിരൂക്ഷ വിമർശമാണ് ഉയർത്തുന്നത്. ഭരണഘടന ഭേദഗതി ചെയ്യേണ്ടിവന്നാൽ അതും ചെയ്യണമെന്ന ‘കേസരി’യിലെ ലേഖനം നിഗൂഢ അജൻഡയാണെന്നും വ്യക്തമാക്കുന്നു.
‘ക്രൈസ്‌തവർ രാജ്യത്ത് മതസ്പർധ വളർത്തുന്നെന്നും ഭരണഘടനയ ചോദ്യം ചെയ്യുന്നെന്നുമുള്ള ആരോപണമാണ് അടിസ്ഥാനമില്ലാതെ ഉന്നയിക്കുന്നത്. വർഗീയ വിഷം ചീറ്റുന്ന ലേഖനം പ്രസിദ്ധീകരിച്ച ആർഎസ്‌എസിന്റെ മനസിലിരിപ്പ് തുറന്നുകാട്ടാൻ കേരളത്തിലെ രാഷ്ട്രീയ നേതൃത്വം തയ്യാറാകണം. ക്രൈസ്‌തവരെ ചാരി ഭരണഘടനയെ വെട്ടാനുള്ള കുതന്ത്രമാണ് നടക്കുന്നത്. കേരളത്തിൽ ക്രൈസ്‌തവരുടെ തോളിലേക്ക് കൈനീട്ടി നിൽക്കുന്ന ബിജെപിയുടെ മറുകൈ എവിടെയാണെന്ന് മനസിലാകാത്തവർക്കും മനസിലായില്ലെന്ന് നടിക്കുന്ന ഇടനിലക്കാർക്കും മതരാഷ്ട്ര, മനുസ്‌മൃതി സ്വപ്‌നങ്ങളിൽ തുടരാം.
അസത്യ, വിദ്വേഷ പ്രചാരണങ്ങൾക്കുമുന്നിൽ നിശബ്ദത പാലിക്കണോ എന്ന് ക്രൈസ്‌തവ നേതൃത്വം ആത്മപരിശോധന നടത്തേണ്ട സമയമായി. ജാത്യാധിഷ്‌ഠിത നീചനിയമങ്ങളുടെയും സ്‌ത്രീവിരുദ്ധതയുടെയുമൊക്കെ കറുത്ത പുസ്‌തകമായ മനുസ്‌മൃതിയല്ല, അത് കത്തിച്ചവരുടെ മുൻകൈയിൽ രൂപംകൊണ്ട ഇന്ത്യൻ ഭരണഘടനയാണ് ജീവശ്വാസം’ എന്ന് ദീപിക പറയുന്നു.









0 comments