'ദേശവിരുദ്ധ അജണ്ട'; 'ഹാൽ' സിനിമയ്‌ക്കെതിരെ ഹൈക്കോടതിയിൽ കക്ഷിചേരാൻ ആർഎസ്എസും

കൊച്ചി: 'ഹാൽ' സിനിമയ്ക്ക് പ്രദർശനാനുമതി നൽകുന്നതിനെ എതിർത്ത് ഹൈക്കോടതിയിൽ കക്ഷിചേരാൻ അപേക്ഷ നൽകി ആർഎസ്എസ്. സിനിമയുടെ ഉള്ളടക്കം ദേശവിരുദ്ധ അജണ്ട പ്രചരിപ്പിക്കുന്നതും മത-സാമൂഹിക ഐക്യം തകർക്കുന്നതുമാണ് എന്ന് ആരോപിച്ചാണ് ആർഎസ്എസ് കോടതിയെ സമീപിച്ചത്.
ആർഎസ്എസ് ചേരാനല്ലൂർ ശാഖയിലെ മുഖ്യശിക്ഷക് എം.പി. അനിലാണ് അപേക്ഷ നൽകിയിരിക്കുന്നത്. സിനിമയുടെ പ്രദർശനാനുമതി നിഷേധിച്ച സെൻസർ ബോർഡിന്റെ നടപടി ചോദ്യം ചെയ്ത് നിർമാതാക്കൾ നൽകിയ ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയാനിരിക്കെയാണ് ഈ നീക്കം.
സിനിമയിൽ ആർഎസ്എസിനെ മോശമായി ചിത്രീകരിക്കുന്നു, കലാപം, കവർച്ച, കൊള്ളിവെപ്പ് എന്നിവ നടത്തുന്ന സംഘടനയായി ആർഎസ്എസിനെ ചിത്രീകരിക്കുന്നു എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് ആർഎസ്എസ് ഉന്നയിക്കുന്നത്. ഒരു മുസ്ലീം യുവാവും ക്രിസ്ത്യൻ യുവതിയും തമ്മിലുള്ള പ്രണയം പറയുന്ന ചിത്രമാണ് 'ഹാൽ'.
ബീഫ് ബിരിയാണി കഴിക്കുന്ന ദൃശ്യമുൾപ്പെടെ 19 ഭാഗങ്ങൾ സിനിമയിൽ നിന്ന് നീക്കം ചെയ്യണമെന്ന് സെൻസർ ബോർഡ് നിർദ്ദേശിച്ചിരുന്നു. 'ധ്വജപ്രണാമം', 'സംഘം കാവലുണ്ട്', 'ഗണപതിവട്ടം', 'രാഖി കെട്ടൽ' തുടങ്ങിയ സംഭാഷണങ്ങളും ഒഴിവാക്കണമെന്നാണ് സെൻസർ ബോർഡ് നിര്മാതാക്കളോട് ആവശ്യപ്പെട്ടത്.
സെൻസർ ബോർഡിന്റെയും റിവൈസിങ് കമ്മിറ്റിയുടെയും നിർദേശങ്ങൾക്കെതിരെ സിനിമയുടെ നിർമാതാക്കളായ ജൂബി തോമസും സംവിധായകൻ മുഹമ്മദ് റഫീഖുമാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിക്കുന്നതിനു മുന്നോടിയായി കോടതി സിനിമ നേരിൽ കണ്ടിരുന്നു.









0 comments