print edition ‘സഹിക്കാനാകുന്നില്ലീ വിവേചനം’; ദളിത് കുടുംബത്തിനുനേരെ ആർഎസ്‌എസ് ആക്രമണം

സ്വന്തം ലേഖിക
Published on Nov 16, 2025, 12:00 AM | 1 min read
തിരുവനന്തപുരം: "പൊതുപൈപ്പിൽനിന്ന് വെള്ളമെടുക്കാൻ ആർഎസ്‌എസുകാർ അനുവദിക്കുന്നില്ല. എതിർവാക്ക് പറയാൻ പാടില്ല. കൊച്ചുകുഞ്ഞുങ്ങളോട് കൂട്ടുകൂടാനും വിലക്ക്. ആർഎസ്‌എസുകാരെ അനുസരിച്ചാലേ ജീവിക്കാനാകൂ എന്നുള്ള ഭീഷണി, അധിക്ഷേപം. കാലങ്ങളായി ജാതിയുടെ പേരിൽ ഞങ്ങളെ ദുരിതത്തിലാക്കുകയാണ് അവർ'– തിരുവനന്തപുരം വട്ടിയൂർക്കാവ് കാച്ചാണിയിൽ ആർഎസ്എസ്–ബിജെപി ക്രിമിനലുകളുടെ ആക്രമണത്തിന് ഇരയായ ഗർഭിണിയും അമ്മയും പറയുന്നു. കുടുംബത്തെ സന്ദർശിച്ച മഹിളാ അസോസിയേഷൻ ഭാരവാഹികളോടാണ് യുവതിയും കുടുംബവും ജാതിയുടെ പേരിൽ ആർഎസ്‌എസ് ക്രിമിനലുകൾ നടത്തിവന്ന അതിക്രമങ്ങൾ നിറകണ്ണുകളോടെ വിവരിച്ചത്.
വ്യാഴം രാത്രി ഏഴോടെയാണ് ദളിത് കുടുംബത്തെ ആർഎസ്‌എസ്–ബിജെപി പ്രവർത്തകർ ആക്രമിച്ചത്. മൂന്നുമാസം ഗർഭിണിയായ യുവതിയുടെ വയറ്റിൽ ചവിട്ടിവീഴ്‌ത്തി. സഹോദരങ്ങളെ ദണ്ഡയും കമ്പിയും ഉപയോഗിച്ച് ക്രൂരമായി തല്ലിച്ചതച്ചു. ആർഎസ്‌എസ് ക്രിമിനൽ നേതാവായ ലാൽ പ്രവീൺ, അനന്തു അനിൽകുമാർ, ഗോകുൽ, പ്രശാന്ത്, മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ 15 പേരടങ്ങുന്ന സംഘമാണ് കുടുംബത്തെ ആക്രമിച്ചത്.
അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി പുഷ്പലത, ജില്ലാ സെക്രട്ടറി അഡ്വ. ശ്രീജ ഷൈജുദേവ്, ജില്ലാ കമ്മിറ്റി അംഗം സുശീല തുടങ്ങിയവരാണ് കുടുംബത്തെ സന്ദർശിച്ചത്. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
പ്രതികൾ ഒളിവിൽ
ആക്രമിച്ച ആർഎസ്എസ് സംഘത്തിനായി തിരച്ചിൽ തുടരുന്നു. ലാൽ പ്രവീൺ, അനന്ദു അനിൽകുമാർ എന്നിവർ ഒളിവിലാണ്. വട്ടിയൂർക്കാവ് പൊലീസ് പട്ടികജാതി വർഗ നിയമ പ്രകാരം കേസെടുത്താണ് അന്വേഷിക്കുന്നത്.
പികെഎസ് നേതാക്കൾ സന്ദർശിച്ചു
മലമുകൾ മുളകുകാട് അജിത് ഭവനിൽ ആർഎസ്എസ് ക്രിമിനൽസംഘം ആക്രമിച്ചവരെ പികെഎസ് നേതാക്കളും സന്ദർശിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി എം പി റസ്സൽ, ജില്ലാ സെക്രട്ടറി ഡി സുരേഷ് കുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി എം കെ സിനുകുമാർ, ഏരിയ സെക്രട്ടറി എം സത്യൻ, ട്രഷറർ സി ജി മോഹനൻ തുടങ്ങിയവരാണ് അഞ്ജലിയെയും സഹോദരന്മാരായ അജിത്, അഭിജിത് എന്നിവരെയും വീട്ടിലെത്തി സന്ദർശിച്ചത്. നിയമ നടപടിയടക്കമുള്ള കാര്യങ്ങളിൽ സഹായം ഉറപ്പാക്കിയെന്ന് നേതാക്കൾ അറിയിച്ചു.








0 comments