അക്രമം ദളിത് കുടുംബത്തിനുനേരെ
print edition ഗർഭിണിയെ ചവിട്ടിവീഴ്‌ത്തി ആർഎസ്എസ് ഭീകരത ; സഹോദരന്മാർക്കും ക്രൂരമർദനം

1. ആർഎസ്എസ് ആക്രമണത്തിൽ അഭിജിത്തിന്റെ നാവിന് ആഴത്തിൽ മുറിവേറ്റപ്പോൾ 2. അജിത്തിന്റെ ശരീരത്തിൽ മർദനമേറ്റ പാടുകൾ
പേരൂർക്കട
തലസ്ഥാനത്ത് ആർഎസ്എസ്–ബിജെപി ക്രിമിനലുകൾ ഗർഭിണിയെ ചവിട്ടിവീഴ്‌ത്തി. യുവതിയുടെ സഹോദരങ്ങളെ കുറുവടികൊണ്ട് ക്രൂരമായി തല്ലിച്ചതച്ചു. താടിയെല്ല് ഇടിച്ചുതകർത്തു. വ്യാഴം രാത്രി ഏഴോടെയാണ് വട്ടിയൂർക്കാവ് മലമുകളിലെ ദളിത് കുടുംബത്തെ ആക്രമിച്ചത്. മലമുകൾ മുളകുകാട് അജിത് ഭവനിൽ അഞ്ജലി (21), സഹോദരന്മാരായ അജിത് (23), അഭിജിത് (20) എന്നിവർക്കാണ് പരിക്കേറ്റത്. ആർഎസ്എസ് നേതാവായ ലാൽ പ്രവീൺ, അനന്തു അനിൽകുമാർ, ഗോകുൽ, പ്രശാന്ത്, മഹേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പതിനഞ്ചാംഗ സംഘമാണ് ആയുധങ്ങളുമായെത്തി ആക്രമിച്ചത്.
അഞ്ജലി വീടിനുസമീപത്തെ സഹോദരിയുടെ വീട് വൃത്തിയാക്കുന്നതിനിടെ സമീപവാസിയായ അനിലും മകനും ചേർന്ന് അസഭ്യം പറയുകയും മോശമായി പെരുമാറുകയും ചെയ്തു. ഇതറിഞ്ഞ അജിത്തും അഭിജിത്തുമെത്തി ചോദ്യംചെയ്യുന്നതിനിടെ അനിലിനൊപ്പമുണ്ടായിരുന്ന ആർഎസ്എസ്–ബിജെപി സംഘം ആക്രമിക്കുകയായിരുന്നു. മുഖത്ത് അടിച്ചപ്പോൾ അഭിജിത്തിന്റെ നാവിൽ പല്ലുകൊണ്ട് ആഴത്തിൽ മുറിവേറ്റു.
സഹോദരന്മാരെ മർദിക്കുന്നത് കണ്ട് വീട്ടിൽനിന്നിറങ്ങി വന്ന അഞ്ജലിയെ ലാൽ പ്രവീണും അനന്തുവും ചേർന്ന് വയറ്റിൽ ചവിട്ടിവീഴ്‌ത്തി മർദിച്ചു. അക്രമികൾ ഒരുമണിക്കൂറോളം പ്രദേശത്ത് മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സാക്ഷി പറയുന്നവരെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.
പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികൾ ഒളിവിലാണ്. ഇവർക്കെതിരെ പട്ടികജാതി–വർഗ നിയമപ്രകാരം വട്ടിയൂർക്കാവ് പൊലീസ് കേസെടുത്തു. കന്റോൺമെന്റ് എസിപി ക്കാണ് അന്വേഷണചുമതല.









0 comments