നിയമസഭ തെരഞ്ഞെടുപ്പ്‌ ; സീറ്റുകൾ അടിച്ചേൽപ്പിച്ചാൽ 
സ്വീകരിക്കേണ്ടെന്ന്‌ ആർഎസ്‌പി

rsp
avatar
എം അനിൽ

Published on Jun 19, 2025, 02:30 AM | 1 min read


കൊല്ലം

നിയമസഭാ തെരഞ്ഞെടുപ്പിൽ ഏഴ്‌ സീറ്റുകൾ ആവശ്യപ്പെടാനും ജയസാധ്യതയില്ലാത്തവ കോൺഗ്രസ്‌ നേതൃത്വം അടിച്ചേൽപ്പിച്ചാൽ സ്വീകരിക്കേണ്ടെന്നും ആർഎസ്‌പി സംസ്ഥാന സെക്രട്ടറിയറ്റ്‌. മട്ടന്നൂരിനുപകരം അമ്പലപ്പുഴ ആവശ്യപ്പെടും. കഴിഞ്ഞതവണ കോൺഗ്രസ്‌ നേതൃത്വം ആർഎസ്‌പിയുടെ തലയിൽവച്ചുകെട്ടിയതാണ്‌ മട്ടന്നൂർ. ജയസാധ്യതയില്ലാത്ത കയ്‌പമംഗലത്തിന്‌ പകരം മറ്റൊരു സീറ്റ്‌ ചോദിച്ചപ്പോൾ കോൺഗ്രസ്‌ നേതാക്കൾ മട്ടന്നൂർ അടിച്ചേൽപ്പിക്കുകയായിരുന്നു.


നിലവിൽ മത്സരിച്ചുകൊണ്ടിരിക്കുന്ന ആറ്റിങ്ങൽ, കൊല്ലം ജില്ലയിലെ ഇരവിപുരം എന്നിവയ്‌ക്കു പകരവും പുതിയ സീറ്റുകൾ ആർഎസ്‌പി ആവശ്യപ്പെടും. കൊല്ലമാണ്‌ ആർഎസ്‌പി പ്രധാനമായും ലക്ഷ്യമിടുന്നത്‌. സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണിന്‌ ഇവിടെ മത്സരിക്കണമെന്ന ആഗ്രഹമുണ്ട്‌. ആറ്റിങ്ങൽ, ഇരവിപുരം സീറ്റുകളിൽ ഏതെങ്കിലും എടുത്ത്‌ കോൺഗ്രസ്‌ കൊല്ലം വിട്ടുകൊടുക്കണമെന്നാണ്‌ ആർഎസ്‌പിയുടെ ആവശ്യം. ഇരവിപുരം ലീഗിന്‌ നൽകി അവർ മത്സരിക്കുന്ന പുനലൂർ എടുക്കാനും ആർഎസ്‌പിക്ക്‌ മോഹമുണ്ട്‌. രണ്ട്‌ സംവരണ മണ്ഡലങ്ങളിൽ (ആറ്റിങ്ങൽ, കുന്നത്തൂർ) ഇനി മത്സരിക്കേണ്ടെന്നും ഇതിൽ ആറ്റിങ്ങൽ കോൺഗ്രസിന്‌ നൽകി പകരം ജനറൽ സീറ്റ്‌ ആവശ്യപ്പെടാനും ആർഎസ്‌പി സെക്രട്ടറിയറ്റ്‌ തീരുമാനിച്ചു. എന്നാൽ ചവറ, കുന്നത്തൂർ മണ്ഡലങ്ങൾ കോൺഗ്രസിന്‌ വിട്ടുകൊടുക്കരുതെന്നും സെക്രട്ടറിയറ്റിൽ ചർച്ചയുയർന്നു. അതിനിടെ തെരഞ്ഞെടുപ്പ്‌ രംഗത്തുനിന്നും സംസ്ഥാന സെക്രട്ടറി മാറിനിൽക്കണമെന്നും ആർഎസ്‌പിയിൽ ഒരുവിഭാഗം നേതാക്കൾ ആവശ്യപ്പെടുന്നു. 19ന്‌ തിരുവനന്തപുരത്ത്‌ ചേരുന്ന സംസ്ഥാന കമ്മിറ്റിയിൽ ഇക്കാര്യങ്ങൾ ചർച്ചയാകും.



Tags
deshabhimani section

Related News

View More
0 comments
Sort by

Home