35 മുതൽ 60 വയസ് വരെയുള്ള സ്ത്രീകൾക്ക് 1000 രൂപ: അപേക്ഷ നൽകേണ്ടത് തദ്ദേശസ്ഥാപന സെക്രട്ടറിക്ക്

തിരുവനന്തപുരം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സ്‌ത്രീ സുരക്ഷാ പെൻഷൻ പദ്ധതിയിലേക്ക് അപേക്ഷ നൽകേണ്ടത് തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക്. അപേക്ഷയോടൊപ്പം ഗുണഭോക്താക്കളുടെ ഐഎഫ്‌എസ്‌സി കോഡ്, ബാങ്ക് അക്കൗണ്ട് നമ്പർ, ആധാർ വിവരങ്ങൾ എന്നിവയും നൽകണം. തദ്ദേശ സെക്രട്ടറിമാർ ഗുണഭോക്തൃ പട്ടിക തയ്യാറാക്കി തദ്ദേശ സെക്രട്ടറി വഴി സോഷ്യൽ സെക്യൂരിറ്റി പെൻഷൻ കമ്പനിക്ക് കൈമാറണം. ഇതടക്കം പദ്ധതിയുടെ മാനദണ്ഡങ്ങളും മാർഗ നിർദേശങ്ങളും സർക്കാർ പുറത്തിറക്കി.
സർക്കാർ നടപ്പാക്കുന്ന സാമൂഹ്യക്ഷേമ പദ്ധതികളിലൊന്നും ഗുണഭോക്താക്കളാകാത്ത എഎവൈ, പിങ്ക് റേഷൻ കാർഡുകളിൽ ഉൾപ്പെടുന്ന 35നും 60 നും ഇടയിൽ പ്രായമുള്ള സ്‌ത്രീകൾക്കാണ് അപേക്ഷിക്കാനാവുക. ട്രാൻസ് വുമണിനും അർഹതയുണ്ടാകും. സംസ്ഥാനത്ത് സ്ഥിരതമാസം ഉള്ളവരായിരിക്കണം. വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ, വികലാംഗ പെൻഷൻ, വിവിധ തരം സർവീസ് പെൻഷനുകൾ, കുടുംബ പെൻഷൻ, ക്ഷേമനിധി ബോർഡുകളിൽനിന്നുള്ള കുടുംബ പെൻഷൻ, ഇപിഎഫ് പെൻഷൻ എന്നിവ ലഭിക്കുന്നവർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല. ഗുണഭോക്താവ് പദ്ധതി മാനദണ്ഡങ്ങളുടെ പരിധിയിൽ വരുന്നുണ്ടെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ പ്രസ്‌താവന നൽകണം.
അനർഹമായി ആനുകൂല്യം കൈപ്പറ്റുന്നവരിൽനിന്ന് കൈപ്പറ്റിയ തുക 18 ശതമാനം പലിശ സഹിതം തിരികെ ഇൗടാക്കും. ഗുണഭോക്താക്കൾക്ക് അധാർ അടിസ്ഥാനത്തിലുള്ള വാർഷിക മസ്‌റ്ററിങ് ഉണ്ടായിരിക്കും. ഗുണഭോക്താക്കൾക്ക് ബാങ്ക് അക്കൗണ്ടിലേക്ക് കേരള സോഷ്യൽ സെക്യുരിറ്റി പെൻഷൻ കമ്പനി ആനുകൂല്യം അനുവദിക്കും. മാസം 1000 രൂപ വീതമാണ് ധനസഹായം.









0 comments