ആർപിഎല്ലിൽ ബോണസും അഡ്വാൻസും : ഒരു കോടി അനുവദിച്ചു , ഇന്ന് വിതരണംചെയ്യും

പുനലൂർ
റീഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിറ്റഡിലെ തൊഴിലാളികൾക്കും ജീവനക്കാർക്കും ഓണത്തോടനുബന്ധിച്ച് ബോണസും അഡ്വാൻസും നൽകാൻ സംസ്ഥാന സർക്കാർ ഒരുകോടി രൂപ അനുവദിച്ചു. ബോണസും അഡ്വാൻസും ബുധനാഴ്‌ച വിതരണംചെയ്യും. റബർ വിലയിടിവിൽ പ്രതിസന്ധിയിലായ സ്ഥാപനത്തിന് ഒന്പതര വർഷത്തിനിടെ 21 കോടി രൂപയാണ് സർക്കാർ നൽകിയത്.
തോട്ടം തൊഴിലാളി യൂണിയൻ (സിഐടിയു) സംസ്ഥാന പ്രസിഡന്റ് എസ് ജയമോഹന്റെ നേതൃത്വത്തിൽ ആർപിഎൽ സ്റ്റാഫ് യൂണിയൻ ജില്ലാ പ്രസിഡന്റ് ജോർജ് മാത്യു, തോട്ടം തൊഴിലാളി യൂണിയൻ (സിഐടിയു) മേഖലാ സെക്രട്ടറി ടി അജയൻ എന്നിവർ നൽകിയ നിവേദനം പരിഗണിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ, തൊഴിൽ മന്ത്രി വി ശിവൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയെ തുടർന്നാണ് സഹായം അനുവദിച്ചത്.
കടുത്ത പ്രതിസന്ധി കാലത്തും ആർപിഎല്ലിനെ കഴിഞ്ഞ ഒമ്പതര വർഷമായി ചേർത്തുപിടിച്ച എൽഡിഎഫ് സർക്കാരിന് നന്ദി അറിയിക്കുന്നതായി തോട്ടം തൊഴിലാളി യൂണിയൻ സിഐടിയു സംസ്ഥാന പ്രസിഡന്റ് എസ് ജയമോഹൻ, ജനറൽ സെക്രട്ടറി കെ കെ ജയചന്ദ്രൻ എന്നിവർ പ്രസ്‌താവനയിൽ പറഞ്ഞു.









0 comments