ഡാമുകള്‍ക്ക് ചുറ്റും നിയന്ത്രണ മേഖല ; ഇളവുകൾ ഉൾപ്പെടുത്തി പുതിയ ഉത്തരവ് ഇറക്കും : റോഷി അഗസ്റ്റിൻ

തിരുവനന്തപുരം
കേരളത്തിലെ അണക്കെട്ടുകളുടെ സംഭരണികൾക്ക് ചുറ്റും നിയന്ത്രണ മേഖല ഏർപ്പെടുത്തുന്നതിനായി പുതിയ ഉത്തരവ് ഇറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കൂടുതൽ ഇളവുകൾ ഉൾപ്പെടുത്തിയാകും പുതിയ ഉത്തരവ്. 20 മീറ്റർ ബഫർ സോൺ നിശ്ചയിച്ചുള്ള മുൻ ഉത്തരവ് ഡാമുകളുടെ സമീപത്ത് താമസിക്കുന്നവരിൽ ആശങ്കയുണ്ടാക്കിയ സാഹചര്യത്തിൽ പിൻവലിച്ചിരുന്നു.
സംസ്ഥാനത്ത് പല അണക്കെട്ടുകളുടെയും സമീപപ്രദേശങ്ങൾ ജനവാസ കേന്ദ്രങ്ങളാണ്. ഇവിടെ നിർമാണ നിയന്ത്രണം ഏർപ്പെടുത്തുന്നത് ബുദ്ധിമുട്ടുണ്ടാക്കും. പുതുക്കിയ ഉത്തരവിന്റെ കരട് തയാറാക്കി രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികൾക്ക് നൽകും. എല്ലാവരുടെയും അഭിപ്രായം പരിഗണിക്കുമെന്നും മന്ത്രി സർവകക്ഷിയോഗത്തിൽ അറിയിച്ചു.
വിവിധ രാഷ്ട്രീയ കക്ഷികളെ പ്രതിനിധാനം ചെയ്‌ത് പുത്തലത്ത് ദിനേശൻ, എൻ ശക്തൻ എംഎൽഎ, വി വി രാജേഷ്, ജോസ് പാലത്തിനാൽ, മോൻസ് ജോസഫ് എംഎൽഎ, ഉഴമലയ്ക്കൽ വേണുഗോപാൽ, വാമനപുരം പ്രകാശ് കുമാർ, കരുമം സുന്ദരേശൻ എന്നിവരും ജലവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, ജീവൻ ബാബു, ആർ പ്രിയേഷ് എന്നിവരും പങ്കെടുത്തു.









0 comments