ആഗോള പ്രിയമായി റോബസ്റ്റ കാപ്പി ; കയറ്റുമതിയിൽ കുതിപ്പ്‌

Robusta coffee
avatar
സയൻസൺ

Published on Jan 20, 2025, 12:29 AM | 1 min read


കൽപ്പറ്റ : വയനാടിന്റെ തനത്‌ ഇനമായ റോബസ്റ്റ‌ കാപ്പിക്ക്‌ രാജ്യാന്തര വിപണിയിൽ പ്രിയമേറുന്നു. ഇന്ത്യയിൽനിന്നുള്ള കാപ്പി കയറ്റുമതിയിൽ 70 ശതമാനത്തിൽ അധികം റോബസ്‌റ്റയാണ്‌. റോബസ്റ്റ കാപ്പി പരിപ്പിന് വിപണി അനുകൂലമായതും ഉയർന്ന നിലവാരമുള്ള ഇന്ത്യൻ കാപ്പിക്ക് ആഗോളതലത്തിൽ ആവശ്യക്കാർ ഉയർന്നതുമാണ് കയറ്റുമതി വർധിക്കാനുള്ള കാരണം.


കഴിഞ്ഞവർഷത്തെ അപേക്ഷിച്ച്‌ കാപ്പി കയറ്റുമതിയിൽ 12.22 ശതമാനം വർധനയുണ്ടായി. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമിയുടെ റിപ്പോർട്ട്‌ അനുസരിച്ച്‌ 2024 ഏപ്രിൽമുതൽ നവംബർവരെയുള്ള കാലയളവിൽ 10,000 കോടി രൂപയാണ്‌ കാപ്പി കയറ്റുമതിയിൽനിന്നുള്ള ഇന്ത്യയുടെ വരുമാനം.


ഇന്ത്യയിൽ അറബിക്ക, റോബസ്റ്റ എന്നീ ഇനങ്ങളാണ് പ്രധാനമായും ഉൽപ്പാദിപ്പിക്കുന്നത്. ഇതിൽ 72 ശതമാനവും റോബസ്റ്റയാണ്. സുഗന്ധവും ചോക്ലേറ്റിന്റെ രുചിയുമാണ്‌ റോബസ്റ്റയ്‌ക്ക്‌‌. കോഫിയ കാനെഫോറ എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന റോബസ്റ്റ പടിഞ്ഞാറൻ ആഫ്രിക്കയിൽനിന്ന് 19–-ാം നൂറ്റാണ്ടിലാണ് വയനാട്ടിലെത്തിയത്‌. അറബിക്കയെ അപേക്ഷിച്ച് മുകുളത്തിൽ കൂടുതൽ പൂക്കളുണ്ടാകും എന്നതാണ്‌ പ്രത്യേകത.


സമുദ്രനിരപ്പിൽനിന്ന് 700 മുതൽ 2100 മീറ്റർവരെ ഉയരമുള്ള പ്രദേശങ്ങളിലാണ് റോബസ്റ്റ നന്നായി വളരുക. ഇതാണ്‌ വയനാടിന്‌ ഗുണമായത്‌. 2024 ജൂണിൽ ഡെൻമാർക്കിലെ കോപ്പൻഹേഗനിൽ നടന്ന ലോക കാപ്പി മേളയിൽവച്ചാണ്‌ സുനാലിനി മേനോൻ എന്ന സ്‌ത്രീ വയനാടൻ റോബസ്‌റ്റയെ വ്യാപാരികൾക്ക്‌ പരിചയപ്പെടുത്തിയത്. തനത്‌ രുചിയിൽ അന്ന്‌ ആദ്യമായാണ്‌ റോബസ്റ്റ അവതരിപ്പിച്ചത്‌. സംസ്ഥാന സർക്കാർ രൂപീകരിച്ച കേരള കോഫി ലിമിറ്റഡിന്റെ നേതൃത്വത്തിലായിരുന്നു റോബസ്റ്റയുടെ പ്രദർശനം. രുചി ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home