റോബോട്ടിക്സില്‍ സൂപ്പറാകാൻ പത്താംക്ലാസുകാർ

തിരുവനന്തപുരം
കോവിഡ് കാലത്ത് പരിചിതമായ കൈനീട്ടിയാൽ കയ്യിലേക്ക് വീഴുന്ന സാനിറ്റൈസർ ഡിസ്പെൻസറുകൾ ഇനി പത്താം ക്ലാസിലെ മിടുക്കർ നിർമ്മിക്കും. എഐ ഉപയോഗിച്ച് മുഖം തിരിച്ചറിഞ്ഞ് സ്വയം തുറക്കുന്ന സ്മാർട്ട് വാതിലുകളും അവർ തയ്യാറാക്കും. പത്താം ക്ലാസിലെ ഐസിടി പാഠപുസ്തകം ഒന്നാം വാള്യത്തിലെ ആറാം അധ്യായമായ റോബോട്ടുകളുടെ ലോകത്തിലൂടെയാണ് കുട്ടികളെ ഇതിന് പ്രാപ്തരാക്കുന്നത്.
സർക്കീട്ട് നിർമ്മാണം, സെൻസറുകളുടേയും ആക്ചുവേറ്ററുകളുടേയും ഉപയോഗം, കമ്പ്യൂട്ടർ പ്രോഗ്രാമിങ് വഴി ഇലക്ട്രോണിക് ഉപകരണങ്ങളെ നിയന്ത്രിക്കുക തുടങ്ങിയവ പഠിപ്പിക്കും. കഴിഞ്ഞ അക്കാദമിക വർഷം ഏഴാം ക്ലാസിൽ നിർമ്മിതബുദ്ധി പഠനം സാധ്യമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായി 8, 9, 10 ക്ലാസിലെ ഐസിടി പാഠപുസ്തകങ്ങളിൽ എഐ പഠനമുണ്ട്. ഐസിടി പാഠപുസ്തകം മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ മാധ്യമങ്ങളിലാണ് തയ്യാറാക്കിയിട്ടുള്ളത്.
സംസ്ഥാനത്തെ ഹൈസ്കൂളുകളിൽ ഇതിന് കൈറ്റ് വഴി 29,000 റോബോട്ടിക് കിറ്റുകളുടെ വിതരണം മാർച്ചിൽ തന്നെ പൂർത്തിയാക്കിയിരുന്നു. റോബോട്ടിക് കിറ്റിലെ ആർഡിനോ ബ്രഡ് ബോർഡ്, ഐ ആർ സെൻസർ, സെർവോ മോട്ടോർ, ജമ്പർ വെയറുകൾ തുടങ്ങിയവ പ്രയോജനപ്പെടുത്തിയാണ് ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ തയ്യാറാക്കുക. സ്മാർട്ട് വാതിലുകൾക്ക് പിക്ടോ ബ്ലോക്സ് സോഫ്റ്റുവെയറിലെ പ്രോഗ്രാമിങ് ഐഡിഇയുടെ സഹായത്തോടെ "ഫേസ് ഡിറ്റക്ഷൻ ബിൽട്ട് -ഇൻ-മോഡൽ' ഉപയോഗപ്പെടുത്തും.
പത്തിലെ പുതിയ ഐസിടി പാഠപുസ്തകത്തിന്റെ ആദ്യഘട്ട പരിശീലനം ഇതുവരെ 9,924 അധ്യാപകർക്ക് നൽകിയെന്ന് കൈറ്റ് സിഇഒ കെ അൻവർ സാദത്ത് പറഞ്ഞു. ജൂലൈയിൽ റോബോട്ടിക്സിൽ മാത്രമായി അധ്യാപകർക്ക് പരിശീലനം നൽകും. കൂടുതൽ റോബോട്ടിക് കിറ്റുകൾ ആവശ്യമായ സംസ്ഥാന സിലബസ് പിന്തുടരുന്ന അൺ-എയ്ഡഡ് സ്കൂളുകൾക്കും അവ ലഭ്യമാക്കും.









0 comments