ട്രെയിൻ യാത്രക്കാരെ മർദിച്ചു 25 ലക്ഷം കവർന്നു; ബിജെപി പ്രവർത്തകരടക്കം 4 പേർ അറസ്റ്റിൽ

വാളയാർ: ട്രെയിൻ യാത്രക്കാരായ വ്യാപാരികളെ കാറിൽ കയറ്റി മർദിച്ച് 25 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നാലു പേർ അറസ്റ്റിൽ. നല്ലേപ്പിള്ളി സ്വദേശികളായ വടക്കന്തറ ഉന്നതിയിൽ എസ് സതീഷ് (37), ഇരട്ടകുളം സ്വദേശി അജീഷ് (37), കൊടുമ്പ് ഇരട്ടയാൽ ആർ രാജീവ് (34), പൊൽപ്പുള്ളി പൊരയൻകാട് രജിത്ത് (28) എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ രാജീവ് ഒഴികെ മറ്റ് മൂന്ന് പേരും സജീവ ബിജെപി പ്രവർത്തകരാണ്.
തിങ്കളാഴ്ച പകൽ രണ്ടരക്കാണ് കണ്ണൂർ പാസഞ്ചറിൽ യാത്ര ചെയ്‌തിരുന്ന മലപ്പുറം കുറ്റിപ്പുറം സ്വദേശി അബൂബക്കറിന്‍റെയും പട്ടാമ്പി പള്ളിപ്പുറം സ്വദേശി ബദറുദ്ദീന്‍റെയും പണം കവർന്നത്. വ്യാപാര ആവശ്യത്തിനായി സ്വർണം വിറ്റു കിട്ടിയ പണവുമായി മടങ്ങും വഴിയാണ് കവർച്ചാ സംഘം പണം തട്ടിയെടുത്തത്. വ്യാപാരികളെ കഞ്ചിക്കോട് റെയിൽവേ സ്‌റ്റേഷനിൽ ഇറക്കിയ ശേഷം കാറിൽ കയറ്റി മർദിച്ച് പണം കവരുകയും ശേഷം കനാൽപ്പിരിവിൽ ദേശീയപാതയോരത്ത് തള്ളിയിട്ട് കടന്നു കളയുകയുമായിരുന്നു. കാർ പാലക്കാട് മെഡിക്കൽ കോളേജിന് സമീപം ഉപേക്ഷിച്ചു.
ജില്ലാ പൊലീസ് മേധാവി അജിത്കുമാർ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ അസി. രാജേഷ് കുമാർ, വാളയാർ ഇൻസ്പെക്ടർ എൻ എസ് രാജീവ്, എസ്ഐമാരായ എച്ച് ഹർഷാദ്, എ അജാസുദ്ദീൻ, എം ബി അരുൾ, എഎസ്ഐ പി എച്ച് നൗഷാദ്, സീനിയർ സിപിഒമാരായ ആർ രഘു, സി ജയപ്രകാശ്, ആർ രാജിദ്, എച്ച് ഷാജഹാൻ എന്നിവരും ജില്ലാ ഡാൻസാഫ് ടീം അംഗങ്ങളും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
കവർച്ച കേസ് ഉൾപ്പെടെ വാളയാർ, കസബ സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ നാലുപേരും മുമ്പും പ്രതികളാണ്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ ഇനിയും കൂടുതൽ പേർ പിടിയിലാകാനുണ്ട്.









0 comments