print edition റോഡ് സുരക്ഷയ്‌ക്കായി വരുന്നു റോഡ് സേഫ്‌റ്റി കേഡറ്റുകൾ

പി പ്രമോദ്
Published on Oct 18, 2025, 01:50 AM | 1 min read
മാവേലിക്കര: റോഡ് സുരക്ഷയ്‌ക്കായി മാവേലിക്കര ജോയിന്റ് ആർടിഒയുടെ നേതൃത്വത്തിൽ ആരംഭിച്ച റോഡ് സുരക്ഷാ കേഡറ്റ് പദ്ധതി സംസ്ഥാന വ്യാപകമാക്കാൻ സംസ്ഥാന സർക്കാർ. വിദ്യാർഥികളുടെ സഹായത്തോടെ റോഡ് സുരക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതാണ് പദ്ധതി. സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്നതിന്റെ ഭാഗമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാറും പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും പ്രാഥമിക ചർച്ചനടത്തി. സർക്കാർ അനുവദിക്കുന്ന സ്കൂളുകളിൽ പദ്ധതി നടപ്പാക്കും. കേഡറ്റുകൾക്ക് ഗ്രേസ് മാർക്ക് നൽകുന്നതും പരിഗണനയിലുണ്ട്.
ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ആശയമാണ് പദ്ധതി. ഇത് നടപ്പാക്കാൻ മാവേലിക്കര സബ് ആർടി ഓഫീസിനെ ചുമതലപ്പെടുത്തുകയായിരുന്നു. തുടർന്ന് ജോ. ആർടിഒയുടെ നേതൃത്വത്തിൽ ഭരണിക്കാവ് കട്ടച്ചിറ ജോൺ ഓഫ് കെന്നഡി സ്കൂളിലെ 30 വിദ്യാർഥികളെ തെരഞ്ഞെടുത്ത് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആരംഭിച്ചു. സബ് ആർടിഒ ഉദ്യോഗസ്ഥരോടൊപ്പം റോഡ് സുരക്ഷാരംഗത്തെ വിദഗ്ധരും എക്സൈസ്, അഗ്നി രക്ഷാസേന വകുപ്പുകളിലെ ഉദ്യോഗസ്ഥരും വിദ്യാർഥികൾക്ക് പരിശീലനം നൽകി. മോട്ടോർ വാഹന വകുപ്പ് ഡിസൈൻ ചെയ്ത യൂണിഫോമും നൽകി.
പരിശീലനം നേടിയ ആദ്യ ബാച്ചിന്റെ പാസിങ് ഔട്ട് പരേഡ് മന്ത്രി കെ ബി ഗണേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടം വിജയമായതോടെയാണ് സംസ്ഥാനമൊട്ടാകെ നടപ്പാക്കാൻ തീരുമാനിച്ചത്.









0 comments