വില്ലിങ്ഡൺ ഐലൻഡ് - കുണ്ടന്നൂർ ഗ്രീൻഫീൽഡ് ഇടനാഴിക്കും എറണാകുളം ബൈപാസ് പദ്ധതിക്കും തത്വത്തിൽ അംഗീകാരം.
6700 കോടിയുടെ റോഡുവികസന പദ്ധതികൾക്ക് അംഗീകാരം

ന്യൂഡൽഹി
കേരളത്തിലെ റോഡുവികസനത്തിനായുള്ള 6700 കോടിയുടെ പദ്ധതികൾക്ക് കേന്ദ്രാനുമതി ലഭിച്ചെന്ന് ഉപരിതലഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. 14 പദ്ധതികൾക്കാണ് അനുമതി. സിആർഐഎഫ് പദ്ധതി പ്രകാരം ലഭിക്കേണ്ട തുകയിൽ 151 കോടി രൂപ ഈയാഴ്‌ചതന്നെ സംസ്ഥാനത്തിനു കൈമാറുമെന്നും കേന്ദ്രമന്ത്രി ഉറപ്പുനൽകി.
തിരുവനന്തപുരം ഔട്ടർ റിങ് റോഡിനും പാലക്കാട്–- -കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേക്കും ജൂലൈയിൽ അംഗീകാരമാകും. കൊല്ലം-–- ചെങ്കോട്ട ഗ്രീൻഫീൽഡിന് (എൻഎച്ച് 744) മൂന്നുമാസത്തിനുള്ളിൽ അനുമതി നൽകാമെന്ന് അറിയിച്ചിട്ടുണ്ട്.
എറണാകുളം ബൈപാസ് പദ്ധതിക്ക് തത്വത്തിൽ അനുവാദമായി. അഞ്ചുമാസത്തിനകം നടപടി പൂർത്തീകരിക്കും. ഉപരിതല ഗതാഗത മന്ത്രാലയ ഫണ്ട് വഴി ചെയ്യുന്ന ഏഴോളം ദേശീയപാതകളുടെ ഡിപിആറുകളിൽ അഞ്ചെണ്ണത്തിന് അംഗീകാരമായി. രണ്ടെണ്ണത്തിന് രണ്ടുമാസത്തിനുള്ളിൽ അനുമതിയാകും. എട്ടുവർഷത്തിലേറെയായി മുടങ്ങിക്കിടക്കുന്ന പദ്ധതികളാണിവ.
മലപ്പുറത്തുനിന്നും മൈസൂർ വഴി ബംഗളൂരു വരെ നീളുന്ന മൈസൂർ -–-മലപ്പുറം സാമ്പത്തിക ഇടനാഴിയിൽ വിശദപഠനം നടത്തി അംഗീകാരം നൽകാമെന്ന് അറിയിച്ചു. ഇതിനായി റെയിൽവേയുമായി സംയുക്തയോഗം ചേരും. പോർട്ട് കണക്ടിവിറ്റി, ടൂറിസം മേഖലകൾ, എയർപോർട്ട് കണക്ടിവിറ്റി എന്നിവയ്‌ക്ക് പ്രാധാന്യം നൽകും.
വില്ലിങ്ഡൺ ഐലൻഡ് -–-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ഇടനാഴിക്കും അഴീക്കൽ തുറമുഖം കണക്ടിവിറ്റി പദ്ധതിക്കും തത്വത്തിൽ അംഗീകാരമായി. കോതമംഗലം–-മൂവാറ്റുപുഴ ഒറ്റ ബൈപാസായി നടപ്പിലാക്കാനും പുനലൂർ ബൈപാസിനും അംഗീകാരമായി. എൻഎച്ച് 66നെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളമുമായി ബന്ധിപ്പിക്കുന്ന പാത നിർമിക്കാനുള്ള ഡിപിആർ തയ്യാറാക്കാൻ നിർദേശം ലഭിച്ചു.
ദേശീയപാതാ വികസനത്തിനായി എൻഎച്ച്എഐ ആവശ്യപ്പെട്ട എല്ലാ നടപടികളും ചുരുങ്ങിയ കാലയളവിൽ സംസ്ഥാനം പൂർത്തികരിച്ചു–- മന്ത്രി അറിയിച്ചു.









0 comments