'ഇത്തരം ഉമ്മാക്കികൾ കാണിച്ചു വിരട്ടാം എന്ന് കരുതേണ്ട'; കെ ജെ ഷൈനിന് പിന്തുണയുമായി റിനി

കൊച്ചി: സോഷ്യൽമീഡിയ വഴി കോൺഗ്രസ് നടത്തുന്ന അപവാദപ്രചാരണത്തിന് പിന്നാലെ സിപിഐ എം പറവൂർ ഏരിയകമ്മിറ്റി അംഗം കെ ജെ ഷൈൻ പിന്തുണയുമായി നടി റിനി ആൻ ജോർജ്. സ്വന്തമായി അഭിപ്രായം പറയുന്നവരും പൊതുരംഗത്ത് പ്രവർത്തിക്കുന്നവരുമായ സ്ത്രീകളെ അധിക്ഷേപിച്ചും അപമാനിച്ചും തളർത്താനാവില്ലെന്നും ഉമ്മാക്കികൾ കാണിച്ച് വിരട്ടാമെന്ന് കരുതണ്ടെന്നുമാണ് റിനി ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിനെപ്പറ്റിയുള്ള തുറന്നുപറച്ചിലിന് പിന്നാലെ നടി റിനി ആൻ ജോർജും നിരന്തരം സൈബർ ആക്രമണത്തിന് ഇരയായിരുന്നു.
പോസ്റ്റിൻറെ പൂർണരൂപം:
സ്വന്തമായി അഭിപ്രായങ്ങൾ പറയുന്നതും പൊതു രംഗത്ത് പ്രവർത്തിക്കുന്നതുമായ സ്ത്രീകളെ അധിക്ഷേപിച്ചും അപമാനിച്ചും അരങ്ങത്ത് നിന്ന് അടുക്കളയിലേക്ക് ആട്ടിപ്പായിക്കാം എന്ന് കരുതുന്നവരോട്... ഇത്തരം ഉമ്മാക്കികൾ കാണിച്ചു വിരട്ടാം എന്ന് കരുതേണ്ട... അപവാദ പ്രചാരണങ്ങളും അശ്ലീല കഥകളും തളർത്തുകയില്ല മറിച്ച് അത് കൂടുതൽ ശക്തി പകരും..മുന്നോട്ടുള്ള യാത്രയ്ക്ക് കൂടുതൽ ഊർജം നൽകും... സൈബർ ഇടങ്ങളിലെ സ്ത്രീ ഹത്യക്കെതിരെ ജാതി മത രാഷ്ട്രീയ പ്രായ ഭേദമന്യെ സ്ത്രീകൾ പോരാടുക തന്നെ ചെയ്യും... ഷൈൻ ടീച്ചർ... ❤❤❤
അതേസമയം അധിക്ഷേപ പ്രചാരണം നടത്തിയെന്ന കേസിൽ പറവൂരിലെ പ്രാദേശിക കോൺഗ്രസ് നേതാവ് സി കെ ഗോപാലകൃഷ്ണനും യൂടൂബർ കെ എം ഷാജഹാനും അന്വേഷക സംഘത്തിന് മുന്നിൽ ഹാജരാകാൻ നോട്ടീസ് നൽകി. കഴിഞ്ഞ ദിവസം ഇരുവരുടെയും വീടുകളിൽ പരിശോധന നടത്തിയിരുന്നു.
കെ ജെ ഷൈനിനെതിരെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപ പ്രചാരണം നടത്തിയതിൽ കേസെടുത്തതിന് പിന്നാലെ ഗോപാലകൃഷ്ണനും ഷാജഹാനും ഒളിവിലാണ്. ഗോപാലകൃഷ്ണന്റെ കെടാമംഗലത്തുള്ള വീട്ടിൽ തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് നടത്തിയ പരിശോധനയിൽ മൊബൈൽ ഫോൺ പ്രത്യേക അന്വേഷകസംഘം പിടിച്ചെടുത്തിരുന്നു, ഈ ഫോണിൽനിന്നാണോ കെ ജെ ഷൈനിനെതിരായ പോസ്റ്റ് ഇട്ടതെന്ന് പരിശോധിക്കും. സൈബർ ഫോറൻസിക് സംഘത്തിന് ഫോൺ കൈമാറി. സ്ത്രീത്വത്തെ അപമാനിച്ചതിനുപുറമെ ഐടി ആക്ടും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. ‘കൊണ്ടോട്ടി അബു’ എന്ന -ഫെയ്‌സ്ബുക്ക് പ്രൊഫൈൽ ഉടമ യാസറിനെയും പ്രതിചേർത്തു.
ഷൈനിനെതിരായ സൈബർ ആക്രമണത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ് പ്രത്യേക അന്വേഷകസംഘം. വ്യാജവും അധിക്ഷേപകരവുമായ പ്രചാരണം നടത്തിയ നൂറിലധികം പ്രൊഫൈലുകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. അധിക്ഷേപ പോസ്റ്റുകളിലെ വിവരങ്ങൾ തേടി എറണാകുളം റൂറൽ സൈബർ പൊലീസ് ഫെയ്‌സ്ബുക്കിന്റെ മാതൃസ്ഥാപനം മെറ്റയ്ക്ക് കത്ത് നൽകിയിരുന്നു.









0 comments