പ്രിയ സഹോദരി, ഭയപ്പെടേണ്ട, വേദനകൾ സധൈര്യം പറയൂ... കുറിപ്പുമായി റിനി ആൻ ജോർജ്

കൊച്ചി : രാഹുൽ മാങ്കൂട്ടത്തിലിന്റെ ചൂഷണത്തിന് ഇരയായ യുവതിക്ക് ഐക്യദാർഡ്യവുമായി നടിയും മാധ്യമപ്രവർത്തകയുമായ റിനി ആൻ ജോർജ്. ഭയപ്പെടേണ്ടെന്നും വേദനകൾ സധൈര്യം തുറന്നു പറയാനും റിനി സമൂഹമാധ്യമത്തിൽ കുറിച്ചു. വേട്ടപ്പട്ടികൾ കുരയ്ക്കുന്നതു കാര്യമാക്കേണ്ടെന്നും കേരള മനസാക്ഷി ഒന്നാകെ ഒപ്പമുണ്ടെന്നും റിനി കുറിപ്പിൽ പറഞ്ഞു.
ജനപ്രതിനിധിയായ യുവനേതാവിൽ നിന്ന് മോശം അനുഭവമുണ്ടായെന്ന് ഇന്റർവ്യൂവിൽ വെളിപ്പെടുത്തിയതിന് പിന്നാലെ റിനിക്കെതിരെ സൈബർ ആക്രമണം വ്യാപകമായിരുന്നു. എല്ലാ സ്ത്രീകൾക്കും വേണ്ടിയുള്ള പോരാട്ടമാണ് തന്റെതെന്നും തന്റെ യുദ്ധം ഏതെങ്കിലും വ്യക്തികളോടല്ല, മറിച്ച് സമൂഹത്തിലെ തെറ്റായ പ്രവണതകൾക്കെതിരെയാണെന്നും റിനി വ്യക്തമാക്കിയിരുന്നു.
റിനിയുടെ വെളിപ്പെടുത്തലിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിരവധി പരാതികൾ പുറത്തുവന്നിരുന്നു, ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും അടക്കമുള്ള നിരവധി ഓഡിയോകൾ പുറത്തുവന്നതോടെ രാഹുലിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.
റിനി ആൻ ജോർജിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്
അവളോടാണ്...
പ്രിയ സഹോദരി...
ഭയപ്പെടേണ്ട...
വേട്ടപ്പട്ടികൾ കുരയ്ക്കുന്നതു നീ കാര്യമാക്കേണ്ട...
നിനക്കൊപ്പം കേരളത്തിന്റെ മനഃസാക്ഷി ഉണ്ട്...
ഒരു ജനസമൂഹം തന്നെയുണ്ട്...
നീ അല്ല കരയേണ്ടത്... നീ ചിരിച്ചു കൊണ്ട് ഈ ലോകത്തെ നേരിടണം...
കരയേണ്ടതും ഒറ്റപ്പെടേണ്ടതും വേട്ടക്കാരൻ ആണ്...
നീ പുറത്തു വരൂ... നിനക്കുണ്ടായ വേദനകൾ സധൈര്യം പറയു...
നീ ഇരയല്ല
നീ ശക്തിയാണ്... നീ അഗ്നിയാണ്









0 comments