'അപവാദപ്രചാരണം തുടർന്നാൽ എല്ലാം തുറന്നുപറയും' ; കോൺഗ്രസിന് റിനിയുടെ മുന്നറിയിപ്പ്

പറവൂർ
യുവനേതാവിൽനിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയതിന് തനിക്കെതിരെ അതിഭീകരമായ സൈബർ ആക്രമണം തുടരുകയാണെന്നും, ഈ രീതിയിലാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നതെങ്കിൽ മുഴുവൻ കാര്യങ്ങളും തുറന്നുപറയേണ്ടിവരുമെന്നും യുവനടി റിനി ആൻ ജോർജ്. അതിന്റെ ഭവിഷ്യത്ത് ഗുരുതരമായിരിക്കും. അതു താങ്ങാനുള്ള കരുത്ത് പ്രസ്ഥാനത്തിനുണ്ടാകില്ലെന്നും കോൺഗ്രസിന്റെ പേര് സൂചിപ്പിക്കാതെ റിനി വ്യക്തമാക്കി. പറവൂരിലെ വസതിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റിനി.
താൻ ഇഷ്ടപ്പെടുന്ന ഒരു പ്രസ്ഥാനത്തെയും അതിലെ ചില നേതാക്കളെയും മാത്രം ഓർത്താണ് പലതും പറയാത്തത്. സ്ത്രീപക്ഷ രാഷ്ട്രീയമാണ് താൻ എന്നും ഉയർത്തിപ്പിടിക്കുന്നത്. അതിനാലാണ് പറവൂരിൽ സിപിഐ എം സംഘടിപ്പിച്ച പെൺപ്രതിരോധത്തിലേക്ക് ക്ഷണിച്ചപ്പോൾ പങ്കെടുത്തത്. സ്ത്രീകൾക്കുനേരെയുള്ള സൈബർ ആക്രമണത്തിനെതിരെയായിരുന്നു പരിപാടി. അതിൽ പങ്കെടുത്തതിനാൽ നിലപാട് വ്യക്തമാക്കാൻ അവസരം കിട്ടി. വർഗീയതയ്‌ക്കും പിന്തിരിപ്പൻ ചിന്താഗതികൾക്കുമെതിരെ ഇനിയും പ്രതികരിക്കും. ഒരു രാഷ്ട്രീയ പാർടിയിലും അംഗമല്ല. കലാകാരി എന്ന നിലയിൽ പല പ്രസ്ഥാനങ്ങളുടെയും പരിപാടിയിൽ മുന്പും പങ്കെടുത്തിട്ടുണ്ട്.
സിപിഐ എം നേതൃത്വവുമായി താനും കുടുംബവും ഗൂഢാലോചന നടത്തിയെന്ന ആരോപണം ഉന്നയിക്കുന്നവർ അത് തെളിയിക്കണം. ഇഷ്ടമില്ലാത്തവരെക്കുറിച്ച് ഇല്ലാക്കഥ പ്രചരിപ്പിച്ച് കുറച്ചുപേരെയെങ്കിലും വിശ്വസിപ്പിക്കാനാകുമോ എന്നാണ് ചിലർ ശ്രമിക്കുന്നത്.
ദുഷ്‌പ്രവൃത്തികൾ ചെയ്യുന്നവരെ വെള്ളപൂശാനാണ് ചിലരുടെ ശ്രമം. സൈബർ ആക്രമണത്തിനെതിരെ നൽകിയ പരാതിയിൽ അന്വേഷണം കാര്യക്ഷമമാണ്. വിവാദമുണ്ടായശേഷം ഒരു കോൺഗ്രസ് നേതാവും കാര്യങ്ങൾ വിളിച്ച് അന്വേഷിച്ചിട്ടില്ലെന്നും റിനി പറഞ്ഞു.









0 comments