കേരളത്തിൽ പണംകൊടുത്ത് അരി വാങ്ങാൻ കഴിയുന്നവർ കൂടുതലെന്ന് കേന്ദ്രം , വേണമെങ്കിൽ അധികതുക നൽകി വാങ്ങണമെന്നും മന്ത്രി പ്രഹ്ലാദ് ജോഷി
അരിയും വെട്ടി ; ഓണത്തിനും കേന്ദ്ര അവഗണന

ന്യൂഡൽഹി
ഓണം ആഘോഷിക്കാൻ തയ്യാറെടുക്കുന്ന മലയാളികൾക്ക് അരി നിഷേധിച്ച് കേന്ദ്ര സർക്കാർ. ഓണത്തിന് അധിക അരിവിഹിതം അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി. കേരളത്തിന് സഹായം അനുവദിക്കാനാകില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിലുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്‌ചയിൽ കേന്ദ്ര ഭക്ഷ്യവിതരണ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. ആവശ്യമെങ്കിൽ അധികവില നൽകി അരി വാങ്ങണമെന്നാണ് കേന്ദ്രനിര്‍ദേശം.
സഹായം നിഷേധിച്ചത് ഓണക്കാലത്ത് ഭക്ഷ്യവില കുതിച്ചുയരാനിടയാക്കും. എന്നാൽ, വില നിയന്ത്രിക്കാൻ മറ്റ് മാർഗങ്ങൾ സ്വീകരിക്കുമെന്ന് മന്ത്രി ജി ആർ അനിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഓണത്തിന് ഒരാൾക്കുപോലും അരി നിഷേധിക്കില്ലെന്നാണ് എൽഡിഎഫ് സർക്കാരിന്റെ നയമെന്നും ചൂണ്ടിക്കാട്ടി.
ഓണം പ്രമാണിച്ച് എല്ലാ വിഭാഗത്തിനും കാർഡിന് അഞ്ചുകിലോ അരി വിതരണം ചെയ്യണമെന്നാണ് മന്ത്രി കൂടിക്കാഴ്‌ചയിൽ ആവശ്യപ്പെട്ടത്. മുടങ്ങിക്കിടക്കുന്ന ഗോതമ്പ്, പഞ്ചസാര, മണ്ണെണ്ണ വിഹിതം കൃത്യമായി നൽകണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, ആവശ്യങ്ങളൊന്നും പരിഗണിക്കില്ലെന്ന പിടിവാശിയിൽ കേന്ദ്രസർക്കാർ ഉറച്ചുനിന്നു.
കേരളത്തിൽ പണം കൊടുത്ത് അരി വാങ്ങാൻ കഴിവുള്ളവരുടെ എണ്ണം കൂടുതലാണെന്നാണ് സബ്‌സിഡി നിഷേധിച്ച് കേന്ദ്രം സ്വീകരിച്ച നിലപാട്.
കേരളത്തിലെ എല്ലാ കാർഡ് വിഭാഗങ്ങൾക്കും 2014വരെ വിഹിതം ലഭിച്ചിരുന്നു. നിലവിൽ, മുൻഗണനാ വിഭാഗമായ മഞ്ഞ, പിങ്ക് കാർഡുകാർക്ക് മാത്രമേ എൻഎഫ്എസ്എ നിയമപ്രകാരമുള്ള റേഷൻ ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്നുള്ളൂ. ഇതിന് പുറമേ ലഭിക്കുന്ന പരിമിതമായ ടൈഡ് ഓവർ വിഹിതത്തിൽനിന്നാണ് മുൻഗണനേതര വിഭാഗങ്ങൾക്ക് സംസ്ഥാന സർക്കാർ റേഷൻ നൽകുന്നത്. ടൈഡ് ഓവർ വിഹിതത്തിൽ കേരളത്തിന് നേരത്തെ ലഭിക്കുമായിരുന്ന ഗോതമ്പ് വിതരണം പുനഃസ്ഥാപിക്കണമെന്നും മന്ത്രി കൂടിക്കാഴ്‌ചയിൽ ആവശ്യപ്പെട്ടു.
സംസ്ഥാനസർക്കാരിന്റെ ആവശ്യപ്രകാരം അനുവദിച്ച 5676 കിലോലിറ്റർ മണ്ണെണ്ണ ഏറ്റെടുക്കാൻ സെപ്തംബർ 30 വരെ അധികസമയം വേണമെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരിയോട് മന്ത്രി ജി ആർ അനിൽ ആവശ്യപ്പെട്ടു. മണ്ണെണ്ണ വിഹിതം കേന്ദ്രം ക്രമാതീതമായി കുറച്ചതോടെ കരാറുകാരുടെ ലഭ്യത കുറഞ്ഞതിന്റെ സാങ്കേതികപ്രശ്നം മൂലമാണ് കാലതാമസം നേരിടുന്നത്. ഉടൻതന്നെ മണ്ണെണ്ണ വിതരണം പൂർത്തിയാക്കും. കേരളത്തിൽ റേഷൻ വാങ്ങുന്നവരുടെ എണ്ണം കുറയുന്നെന്ന വാർത്തയിൽ വസ്‌തുതയില്ലെന്നും മുൻഗണനാ വിഭാഗത്തിൽ റേഷൻ ഉപഭോക്താക്കളുടെ എണ്ണം വർധിച്ചെന്നും മന്ത്രി പറഞ്ഞു.









0 comments