കുറഞ്ഞവിലയ്‌ക്ക് ചെമ്പാവ് അരിയുടെയും പുഴുക്കലരിയുടെയും പ്രത്യേക പാക്കറ്റ് സപ്ലൈകോ വഴി
കേരളം അരി വാങ്ങിനൽകും ; കേന്ദ്ര അവഗണനയ്‌ക്ക് മറുപടി

തിരുവനന്തപുരം
കേന്ദ്രസർക്കാർ ഓണത്തിന് അരിവിഹിതം നിഷേധിച്ച സാഹചര്യത്തിൽ വിപണിയിൽ നിന്ന് പണംകൊടുത്തു വാങ്ങി കുറഞ്ഞ വിലയ്‌ക്ക് ജനങ്ങൾക്ക് വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ. ഓണക്കാലത്ത് വിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായാണ് ഇടപെടൽ.
ഓണക്കാലത്ത് ന്യായവിലയ്‌ക്ക് ജനങ്ങൾക്ക് സപ്ലൈകോ വഴിയും റേഷൻകട വഴിയും സുലഭമായി അരിയെത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കുറഞ്ഞവിലയ്‌ക്ക് വിതരണം ചെയ്യാൻ ചെമ്പാവ് അരിയുടെയും പുഴുക്കലരിയുടെയും പ്രത്യേക പായ്‌ക്കറ്റ് സപ്ലൈകോ പുറത്തിറക്കും. വെള്ള, നീല കാർഡുകാർക്ക് റേഷൻകട വഴിയും അധിക അരി നൽകും. കേന്ദ്രസർക്കാരിന്റെ ഓപ്പൺ മാർക്കറ്റ് സെയിൽ സ്‌കീം (ഒഎംഎസ്‌എസ്) പ്രകാരം എഫ്സിഐയിൽനിന്ന് കിലോയ്‌ക്ക് 22 രൂപയ്‌ക്ക് ഗുണമേന്മയുള്ള അരി ലഭിച്ചാൽ അതും സപ്ലൈകോ വഴി നൽകും.
സപ്ലൈകോയിൽ പച്ചരി 29 രൂപ നിരക്കിലും കെ -റൈസ് 33 രൂപ നിരക്കിലും വിതരണം ചെയ്യുന്നുണ്ട്. ഇതിലും കുറഞ്ഞ നിരക്കിൽ അരി വിതരണം നടത്താനാണ് ഉദ്ദേശിക്കുന്നത്. ആവശ്യമായ നടപടിക്ക് വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
ഏതു പ്രതിസന്ധി ഘട്ടത്തിലും ജനങ്ങളെ കൈവിടില്ലെന്ന നിലപാടാണ് എൽഡിഎഫ് സർക്കാർ ഉയർത്തിപ്പിടിക്കുന്നത്. പൊതുവിപണിയിൽനിന്ന് കൂടുതൽ വില നൽകി അരി സംഭരിച്ച് കുറഞ്ഞ വിലയ്‌ക്ക് നൽകുന്നത് ഈ നിലപാടിന്റെ ഭാഗമാണ്’’–- മന്ത്രി പറഞ്ഞു.
ഓണക്കാലത്ത് മുൻഗണനേതര കാർഡുകാർക്ക് അഞ്ചുകിലോ വീതം അരി നൽകാനുള്ള വിഹിതം അനുവദിക്കണമെന്ന് കഴിഞ്ഞദിവസം മന്ത്രി ജി ആർ അനിൽ ഡൽഹിയിൽ കേന്ദ്രഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷിയോട് ആവശ്യപ്പെട്ടിരുന്നു. ‘സബ്‌സിഡി നൽകാൻ കഴിയില്ല. പണം കൊടുത്ത് ഭക്ഷ്യധാന്യം വാങ്ങാൻ ശേഷിയുള്ളവരാണ് കേരളത്തിലുള്ളത്’ എന്നായിരുന്നു കേന്ദ്രഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷിയുടെ പ്രതികരണം.









0 comments