ഈണങ്ങളിൽ ലക്ഷാർച്ചന നടത്തി മടക്കം


ശീതൾ എം എ
Published on Mar 17, 2025, 06:41 PM | 1 min read
കൊച്ചി : മലയാളികളുടെ പ്രിയപ്പെട്ട പാട്ടുകളിൽ പലതും മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ തൂലികയിൽ നിന്ന് പിറന്നതാണെന്ന് പലരും ചിലപ്പോൾ വിയോഗത്തിന് ശേഷമാകും അറിഞ്ഞിട്ടുണ്ടാകുക. അവാർഡുകളോ റിയാലിറ്റി ഷോകളോ അദ്ദേഹത്തെ എന്തുകൊണ്ട് മറന്നു എന്നത് ഈ വേളയിൽ അപ്രസക്തമാണ്. എങ്കിലും മലയാള ഭാഷയെ ബലികൊടുക്കാത്ത ഒട്ടനവധി ഗാനങ്ങൾ അദ്ദേഹത്തിൽ നിന്ന് പിറന്നതാണെന്ന ചാരിതാർത്ഥ്യത്തോടെ എന്നും മലയാളി മങ്കൊമ്പിനെ ഓർക്കും.
1975ൽ പുറത്തിറങ്ങിയ ഹരിഹരൻ സംവിധാനം ചെയ്ത വിമോചന സമരം എന്ന സിനിമയ്ക്ക് മങ്കൊമ്പ് ആദ്യം വരികളെഴുതിയത്. വിമോചന സമരത്തിലെ 'ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ' എന്നഗാനം ഇന്നും ക്ലാസിക് ഹിറ്റുകളിലൊന്നാണ്. തുടർന്ന് അക്കാലങ്ങളിൽ ഇറങ്ങിയ ഹരിഹരൻ സിനിമകളിലൊക്കെയും മങ്കൊമ്പ് ഗാനങ്ങളെഴുതി. മങ്കൊമ്പിന്റെ വരികളും എം എസ് വിശ്വനാഥന്റെ ഈണവും ഹരിഹരൻ ചിത്രങ്ങളുടെ ഹിറ്റുകൾക്ക് കാരണമായി. എഴുപതുകളിലും എൺപതുകളിലും നിരവധിയായ ഗാനങ്ങളിലൂടെ ശ്രദ്ധേയനായി. 200 സിനിമകളിലായി 700 ഓളം ഗാനങ്ങൾ മങ്കൊമ്പ് എഴുതിയിട്ടുണ്ട്.
ഒടുവിൽ പാൻ ഇന്ത്യൻ ഹിറ്റായ ബാഹുബലിയും തുടങ്ങി ഒട്ടനവധി അന്യഭാഷാ ചിത്രങ്ങളിലെ ഗാനങ്ങൾക്ക് പക്വതയോടെ മൊഴിമാറ്റം നടത്തി
ഹിറ്റുകളാക്കി. 200 അന്യഭാഷാ ചിത്രങ്ങളുടെ ഗാനങ്ങൾക്ക് അദ്ദേഹം മൊഴിമാറ്റം ചെയ്തു. കൂടാതെ പത്തോളം ചിത്രങ്ങൾക്ക് കഥയും തിരക്കഥയും രചിച്ചിട്ടുണ്ട് മങ്കൊമ്പ് ഗോപാലകൃഷ്ണൻ.
കുട്ടനാട്ടിലെ മങ്കൊമ്പ് ഗ്രാമത്തിൽ ജനിച്ച അദ്ദേഹം പേരിനു മുന്നിൽ ചേർത്തു വച്ചതും ജന്മനാടിന്റെ പേരു തന്നെയാണ്.









0 comments