അധ്യാപക നിയമനത്തിൽ ഭിന്നശേഷി സംവരണം; എല്ലാ മാനേജ്മെന്റുകൾക്കും ബാധമാകുമോയെന്ന് പരിശോധിക്കും

തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണം സംബന്ധിച്ച് എൻഎസ്എസിന്റെ കേസിലെ സുപ്രീംകോടതി ഉത്തരവ് മറ്റു മാനേജമെന്റുകൾക്കും ബാധകമാക്കുന്നതിനെക്കുറിച്ച് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയതായി മന്ത്രി കെ എൻ ബാലഗോപാൽ. മന്ത്രി വി ശിവൻകുട്ടിക്കു വേണ്ടി നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷി സംവരണ നിയമനങ്ങൾ പൂർണമായി നടപ്പാക്കും വരെ 2021നവംബറിനു ശേഷമുള്ള ഒഴിവുകൾ ദിവസവേതന അടിസ്ഥാനത്തിൽ നികത്താനായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.
ഇതിനെതിരെ നായർ സർവീസ് സൊസൈറ്റി സുപ്രീംകോടതിയെ സമീപിച്ചു. സൊസൈറ്റിയുടെ കീഴിലുള്ള സ്കൂളുകളിൽ ഭിന്നശേഷി നിയമനത്തിന് മാറ്റിവച്ചിട്ടുള്ള തസ്തികകൾ ഒഴികെ മറ്റു ഒഴിവുകളിൽ സ്ഥിരനിയമനത്തിന് സുപ്രീംകോടതി അനുമതി നൽകി. നിയമിതരായവരുടെ സേവനകാലം ക്രമീകരിക്കാനും നിർദ്ദേശിച്ചു. എൻഎസ്എസും സമാന സൊസൈറ്റികളും ഭിന്നശേഷി നിയമനത്തിനായി തസ്തികകൾ മാറ്റി വയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. ഇതുപ്രകാരം സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. ഈ ഉത്തരവ് മറ്റ് മാനേജ്മെന്റ് സ്കൂളുകളിലെ ജീവനക്കാർക്ക് കൂടി ബാധകമാക്കുന്നതിനെക്കുറിച്ച് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടിയെടുക്കുമെന്ന് വി ഡി സതീശന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.









0 comments