എയ്‌ഡഡ് സ്‌കൂളിലെ ഭിന്നശേഷി സംവരണം; ആദ്യഘട്ട നിയമനം ഒക്ടോബറിൽ

തൃശൂർ: എയ്‌ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണവും നിയമനവും വേഗത്തിലാക്കുമെന്നും ആയിരത്തി നാനൂറോളം ഭിന്നശേഷി ഉദ്യോഗാർഥികൾക്ക് ഒക്ടോബറിൽത്തന്നെ ആദ്യഘട്ട നിയമന ശുപാർശ നൽകുമെന്നും പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
ഭിന്നശേഷി നിയമനം നടപ്പാക്കുന്നതിനായി മാനേജർമാർ റിപ്പോർട്ട് ചെയ്ത ഒഴിവുകൾ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലേക്ക് നൽകിയിട്ടുണ്ട്. എക്സ്ചേഞ്ചിൽനിന്നും ഉദ്യോഗാർഥികളുടെ വിവരങ്ങൾ ലഭിച്ചാലുടൻ നിയമന നടപടികളിലേക്ക് കടക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കാറ്റഗറി ഒന്നുമുതൽ ഏഴുവരെ വിഭാഗങ്ങളിലെ നിയമനങ്ങൾക്കായി മാനേജർമാർ വിട്ടുനൽകിയ ഒഴിവുകൾ സ്ഥിരീകരിച്ച് വിദ്യാഭ്യാസ അധികാരികൾ ജില്ലാതല സമിതികൾക്ക് നൽകണമെന്ന് നിർദേശിച്ചിട്ടുണ്ട്. ലഭ്യമാകുന്ന ഒഴിവുകളിലേയ്ക്ക് നിയമനത്തിന് യോഗ്യതയുള്ള ഭിന്നശേഷി ഉദ്യോഗസ്ഥരുടെ സീനിയോറിറ്റി ലിസ്റ്റും ഫോൺ നമ്പറും സ്പെഷ്യൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽനിന്നും ജില്ലാതല സമിതികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകി.
സുപ്രീംകോടതിയുടെ നിർദേശപ്രകാരം സംസ്ഥാന, ജില്ലാ സമിതികൾ രൂപീകരിച്ച് ഉത്തരവായി. സമിതികളുടെ പ്രവർത്തനം ആഗസ്ത് 25ന് ആരംഭിച്ചു. 2025 ജൂൺ 28 മുതൽ എയ്‌ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണ നിയമനങ്ങൾ നടത്തേണ്ടത് ജില്ലാതല സമിതികളാണ്. ഒഴിവുകൾ വിട്ടുനൽകാനുള്ള സൗകര്യം സമന്വയ സോഫ്റ്റ്‌വെയറിൽ ലഭ്യമാണെന്നും മന്ത്രി പറഞ്ഞു.









0 comments