ഹണി റോസിനെതിരായ അധിക്ഷേപ പരാമർശം: രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമീഷൻ

കൊച്ചി: നടി ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമർശത്തിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമീഷൻ. നിരന്തരമായി വാർത്ത ചാനലുകളിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശങ്ങൾ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ദിശ എന്ന സംഘടന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. അതിജീവിതകളെ അപമാനിക്കുന്നവരെ ചാനൽ ചർച്ചയിൽ പങ്കെടുപ്പിക്കരുതെന്ന് യുവജനകമീഷൻ അധ്യക്ഷൻ ഷാജർ അഭിപ്രായപ്പെട്ടു.
ഹണി റോസിന്റെ വസ്ത്രധാരണം മാന്യമല്ലെന്ന തരത്തിലായിരുന്നു രാഹുൽ ഈശ്വർ ചാനൽ ചർച്ചയിൽ പ്രതികരിച്ചത്. ഹണി റോസിന്റെ വസ്ത്രവും ബോബി ചെമ്മണൂരിന്റെ പെരുമാറ്റവും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. ബോബിയുടെ വാക്കുകൾക്ക് ഡീസെൻസി വേണമെന്നത് പോലെ ഹണിയുടെ വസ്ത്രത്തിനും വേണമെന്നും രാഹുൽ പറഞ്ഞു. ഹണിറോസ് മാന്യതയുടെ അതിർവരമ്പു കടക്കുകയാണെന്നും വസ്ത്രധാരണത്തിൽ വൃത്തികേടുണ്ടെന്നും സ്വകാര്യ മാധ്യമത്തോട് രാഹുൽ പ്രതികരിച്ചു.
സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതിന് രാഹുൽ ഈശ്വറിനെതിരെ നടി ഹണി റോസ് പരാതി നൽകിയിരുന്നു. എന്നാൽ ഹണി റോസിൻ്റെ വസ്ത്ര ധാരണത്തിൽ ഉപദേശം നൽകുക മാത്രമാണ് താൻ ചെയ്തതെന്നാണ് ജാമ്യ ഹർജിയിൽ രാഹുൽ ഈശ്വർ വാദിച്ചത്.









0 comments