ദേശീയത ഉയർത്താൻ മതചിഹ്നങ്ങൾ വേണ്ട: കെ എൻ ബാലഗോപാൽ

കൊച്ചി: നാടിന്റെ പൈതൃകവും ദേശീയതയും ഉയർത്തിപ്പിടിക്കാൻ മതചിഹ്നങ്ങളും പ്രത്യേക ജാതി–-വർഗീയ കൊടികളും ഉയർത്തേണ്ടതില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പള്ളിമുറ്റത്ത് പൊങ്കാല നടത്താനും ക്ഷേത്രമുറ്റത്ത് നോമ്പുതുറക്കാനും സാധിക്കുന്ന ഏക നാടാണ് കേരളം. മതനിരപേക്ഷതയിൽ ഊന്നിയുള്ള നിലപാടെടുക്കാൻ നമുക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറിയായി 30 വർഷം പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശനെ ആദരിക്കാൻ കണയന്നൂർ യൂണിയൻ സംഘടിപ്പിച്ച യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ലോകത്ത് മനുഷ്യക്കുരുതികളും യുദ്ധങ്ങളും പെരുകുന്നു. തങ്ങളുടെ ബോംബ് നൂറുകണക്കിനാളുകളെ കൊന്നെന്ന് വിളിച്ചുപറയാവുന്ന മാനസികാവസ്ഥയിലേക്ക് പല ഭരണാധികാരികളും എത്തി. പട്ടിണി കിടന്നും വെള്ളം കിട്ടാതെയും മനുഷ്യർ മരിക്കുമ്പോൾ സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും പാഠങ്ങൾ പഠിപ്പിച്ചുതന്ന ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങൾ കൂടുതൽ പ്രസക്തമാവുകയാണ്–- ബാലഗോപാൽ പറഞ്ഞു.
വിമർശങ്ങൾ ഏറ്റുവാങ്ങുമ്പോഴും കൃത്യമായ നിലപാടിലൂടെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയിരുന്നയാളാണ് വെള്ളാപ്പള്ളി നടേശനെന്നും മന്ത്രി പറഞ്ഞു. കോളേജ് ക്യാമ്പസുകളോട് ചേർന്ന് വ്യവസായ പാർക്കുകൾ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചപ്പോൾ, ആദ്യം അപേക്ഷിച്ചതും അനുമതി നേടിയതും കൊല്ലം എസ്‌എൻ പോളിടെക്‌നിക് കോളേജാണെന്ന് അധ്യക്ഷനായ വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ ഏറ്റവും വലിയ പ്രത്യേകത വിശാലമായ ഉൾക്കൊള്ളലാണ്. എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിച്ച് നാടിനെ മുന്നോട്ടുകൊണ്ടുപോവുകയാണ് എസ്‌എൻഡിപി യോഗമെന്നും പി രാജീവ് പറഞ്ഞു. ഇഡിയെവരെ ഉപയോഗിച്ച് പരിശോധിച്ചിട്ടും ആർക്കും തന്നെ ഒന്നും ചെയ്യാനായിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശൻ മറുപടിപ്രസംഗത്തിൽ പറഞ്ഞു. നവോത്ഥാനമൂല്യ സംരക്ഷണസമിതിയിൽനിന്ന് തൽക്കാലം രാജിവയ്‌ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.









0 comments