ചൂരല്‍മല, വിലങ്ങാട് ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് കൂടുതൽ നടപടികള്‍

wayanad
വെബ് ഡെസ്ക്

Published on Jul 30, 2025, 05:04 PM | 1 min read

തിരുവനന്തപുരം : ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരായ ആദിവാസി കുടുംബങ്ങൾക്കായി കണ്ടെത്തിയ ഭൂമിക്ക് ആർഒആർ (Record of Rights) നൽകുന്നതിനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കാൻ വയനാട് ജില്ലാ കളക്ടർക്ക് മന്ത്രിസഭായോഗം നിർദ്ദേശം നൽകി. 5 ഹെക്ടർ ഭൂമിക്ക് ആർഒആർ (ROR) അനുവദിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുക.


മുണ്ടക്കൈ പുനരധിവാസ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള പുഞ്ചിരിമട്ടം ഉന്നതിയിലെ 5 കുടുംബങ്ങളെയും, പുതിയ വില്ലേജ് ഉന്നതിയിലെ 3 കുടുംബങ്ങളെയും വയനാട് ടൗൺഷിപ്പ് പ്രോജക്ട് മാതൃകയിലുള്ള വീടുകൾ നിർമിച്ച് പുനരധിവസിപ്പിക്കും. നിലവിൽ പുനരധിവാസ പട്ടികയിൽ ഉൾപ്പെടാത്ത എറാട്ടുകണ്ടം ഉന്നതിയിലെ 5 കുടുംബങ്ങളെ മുണ്ടക്കൈ ലിസ്റ്റിൽ ഉൾപ്പെടുത്തും. ഇവര്‍ക്ക് 10 സെൻ്റ് വീതം ഭൂമിയും വീടും അനുവദിക്കും.


പുത്തുമലയിൽ ദുരന്തത്തിൽ മരിച്ചവരെ അടക്കം ചെയ്ത സ്ഥലത്ത് പ്രാർത്ഥന നടത്താനായി സ്മാരകം നിർമിക്കും. ‌സ്മാരക നിർമാണത്തിനായി നിർമിതി കേന്ദ്രം സമർപ്പിച്ച 99.93 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചു.


വയനാട് ദുരന്തബാധിതർക്ക് ചികിത്സാ ധനസഹായം അനുവദിക്കുന്നതിനായി ആരോഗ്യവകുപ്പ് തയ്യാറാക്കിയ മാർഗനിർദ്ദേശങ്ങളെ അടിസ്ഥാനമാക്കി 2025 ഫെബ്രുവരി 22 ന് ജില്ലാ കളക്ടർ പുറപ്പെടുവിച്ച നടപടിക്രമം സാധുകരിച്ചു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP) ആനുകൂല്യം സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നവര്‍ക്കും ബാധകമാക്കാന്‍ നടപടി സ്വീകരിക്കും. സൗജന്യ ചികിത്സാ പദ്ധതി ഡിസംബർ 31 വരെ ദീർഘിപ്പിച്ചു. നിലവിലെ ചികിത്സാ ചെലവുകളും ഭാവിയിൽ ഉണ്ടായേക്കാവുന്ന ആവശ്യങ്ങളും ഉൾപ്പെടുത്തി സൗജന്യ ചികിത്സാ സഹായമായി 6 കോടി രൂപ വയനാട് ദുരന്തബാധിതർക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കും.


വിലങ്ങാട് ദുരന്തം


ചുരല്‍മല ദുരന്ത ബാധിതര്‍ക്ക് അനുവദിച്ചതിന് സമാനമായി വിലങ്ങാട് ദുരന്ത ബാധിതര്‍ക്കും നഷ്ടപരിഹാരം അനുവദിക്കും. ജില്ലാ കളക്ടറുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഉപജീവന നഷ്ടപരിഹാരം അനുവദിക്കുക. വൈദ്യചികിത്സയ്ക്കുള്ള സാമ്പത്തിക സഹായവും അനുവദിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home