അധ്യാപക സംഘടനകൾക്ക് ഹിതപരിശോധന

തിരുവനന്തപുരം
സർക്കാർ, എയ്‌ഡഡ് മേഖലയിലെ അധ്യാപക സംഘടനകളുടെ ഹിതപരിശോധന നടത്താൻ സർക്കാർ. എല്ലാ വിഭാഗത്തെയും പ്രതിനിധാനം ചെയ്യുന്ന അധ്യാപക സംഘടനകൾക്ക് മാത്രമേ അംഗീകാരം നൽകാവൂ എന്നും കാറ്റഗറി സംഘടനകൾക്ക് അംഗീകാരം നൽകേണ്ട എന്നുമാണ് തീരുമാനം. ഹിതപരിശോധനക്ക് നിലവിലെ കേരള വിദ്യാഭ്യാസ ചട്ടങ്ങളിൽ (കെഇആർ) ഭേദഗതി വരുത്തും. പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ അധ്യക്ഷതയിൽ 19ന് അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗം ചേരും.
സംസ്ഥാനത്ത് 5815 സർക്കാർ സ്കൂളും 8,178 എയ്‌ഡഡ് സ്കൂളുമുണ്ട്. സർക്കാർ മേഖലയിൽ 68,522 അധ്യാപകരും എയ്‌ഡഡ് മേഖലയിൽ 1,02,187 അധ്യാപകരും. കാറ്റഗറി ഉൾപ്പെടെ 42 സംഘടനകളാണ് നിലവിലുള്ളത്. ഇതിൽ എയ്‌ഡഡ് മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾ കെഇആർ ചട്ടപ്രകാരവും സർക്കാർ മേഖലയിലെ സംഘടനകൾ കെജിഎസ്‌സി ചട്ടപ്രകാരവുമാണ് പ്രവർത്തിക്കുന്നത്. ഓരോ വിഭാഗത്തിലുമുള്ള അധ്യാപക സംഘടനകൾക്ക് അംഗീകാരം ആവശ്യപ്പെട്ടു നിരവധി അപേക്ഷകളാണ് സർക്കാരിന് ലഭിക്കുന്നത്. അംഗത്വബലം കണക്കാക്കാൻ ഹിതപരിശോധന അല്ലാതെ മറ്റു മാർഗമില്ല. സംഘടനകളുടെ ബാഹുല്യം സ്കൂളുകളുടെ സുഗമമായ പ്രവർത്തനത്തെ ബാധിക്കുന്നുവെന്നും ആക്ഷേപമുണ്ട്. അതുകൊണ്ട് കെഇആർ ചട്ടത്തിലെ വ്യവസ്ഥകൾ കർശനമായി പാലിച്ചാകും അംഗീകാരം നൽകുക. സർക്കാർ മേഖലയിലെ അധ്യാപക സംഘടനകളെയും കെഇആറിന്റെ പരിധിയിൽ കൊണ്ടുവരും.








0 comments