ഏഴരലക്ഷം വാഹനങ്ങള്‍, നിരത്തിൽ പ്രളയം ; വാഹനവിൽപ്പനയിൽ റെക്കോഡ്

ഹർഷാദ് മാളിയേക്കൽ
Published on Jan 16, 2025, 01:07 AM | 1 min read
കോഴിക്കോട്
സംസ്ഥാനത്ത് വാഹനവിൽപ്പനയിൽ വർധന. 2024ൽ ബൈക്ക്, കാര്‍, ഓട്ടോറിക്ഷ ഉള്‍പ്പെടെ 7,77,000 വാഹനങ്ങള്‍ വിറ്റു. തൊട്ടുമുൻ വർഷം 7,59,180 വാഹനങ്ങളാണ് നിരത്തിലിറങ്ങിയത്; 2.35 ശതമാനത്തിന്റെ വർധന. പരിവാഹൻ രജിസ്‌ട്രേഷൻ കണക്കുകൾ പ്രകാരം 2024ൽ രാജ്യത്താകെ 2,61,95,077 വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തു. 2023ലിത് 2,40,10,904 എണ്ണമായിരുന്നു. ദേശീയതലത്തിൽ വർധിച്ചത് 4.7 ശതമാനം. രാജ്യത്ത് ഏറ്റവുമധികം വരുമാനം കണ്ടെത്തിയ സംസ്ഥാനങ്ങളില്‍ അഞ്ചാം സ്ഥാനവും കേരളത്തിനാണ്. കൃത്യമായി നികുതിയും ഫീസും പിരിച്ച് 6099 കോടി രൂപയാണ് കണ്ടെത്തിയത്.
വിൽപ്പനയിൽ മുന്നില്‍ ഇരുചക്ര വാഹനങ്ങളാണ്. 5,08,558 ഇരുചക്ര വാഹനങ്ങളാണ് കഴിഞ്ഞ വർഷം നിരത്തിലിറങ്ങിയത്. 2022ൽ മികച്ച വിൽപ്പന നേടിയെങ്കിലും 2023ൽ ഇരുചക്രവാഹന വിൽപ്പന ഇടിഞ്ഞിരുന്നു. മുച്ചക്ര വാഹനങ്ങളുടെ വിൽപ്പന 2024ലും ഇടിഞ്ഞു. 2023ൽ 32,775 മുചക്ര വാഹനങ്ങൾ രജിസ്റ്റർ ചെയ്‌തെങ്കിൽ 2024ൽ 28,811 ആയി കുറഞ്ഞു.
അതേസമയം, ഫോർവീലർ ശ്രേണിയിലെ മുന്നേറ്റം തുടര്‍ന്നു. ലൈറ്റ് മോട്ടോർ വെഹിക്കിൾ (എൽഎംവി)/ ലൈറ്റ് പാസഞ്ചർ വെഹിക്കിൾ (എൽപിവി) ശ്രേണിയിൽ 2023ൽ 2,07,381 വണ്ടികൾ പുറത്തിറങ്ങിയെങ്കിൽ 2024ല്‍ 2,12,615 എണ്ണമായി വർധിച്ചു. 1.44 ശതമാനം വർധന. 4,019 ഹെവി വാഹനങ്ങളും 2839 ഇടത്തരം വാഹനങ്ങളും ഈ കാലയളവിൽ നിരത്തിലെത്തി.
ഹൈബ്രിഡ് മോഡലുകള്‍ ഉള്‍പ്പെടെ 4,40,801 പെട്രോൾ വാഹനങ്ങളും 86,666 ഇലക്ട്രിക് വാഹനങ്ങളുമാണ് പുറത്തിറങ്ങിയത്. 5647 ഡീസല്‍, 13,809 സിഎൻജി വാഹനങ്ങളും റോഡുകളിലെത്തി.









0 comments