സാങ്കേതിക, ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസിലർമാർക്ക് പുനർനിയമനം
താൽകാലിക വിസി പുനർനിയമനം; ഗവർണർ നടപടി സുപ്രീംകോടതി വിധിയെ വെല്ലുവിളിക്കുന്നത്: എസ്എഫ്ഐ

തിരുവനന്തപുരം: സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിൽ താൽകാലിക വൈസ് ചാൻസിലർമാർക്ക് പുനർനിയമനം നൽകിയ ഗവർണറിന്റെ നടപടി സുപ്രീം കോടതി വിധിയുടെ അന്തസത്തയെ വെല്ലുവിളിക്കുന്നതെന്ന് എസ്എഫ്ഐ. സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിൽ കെ ശിവപ്രസാദിനെയും സിസ തോമസിനെയും താൽക്കാലിക വിസിമാരായി കേരള ഗവർണർ പുനർ നിയമിച്ചു. ഭരണഘടന പദവിയിലിരിക്കുന്ന ഗവർണർ ഭരണഘടനയെ തന്നെ വെല്ലുവിളിക്കുകയും ഇന്ത്യൻ ഭരണഘടനയെ അംഗീകരിക്കാത്ത ആർഎസ്എസിന്റെ അടുക്കളയിലെ കുശിനിക്കാരനായി വേലയെടുക്കുകയുമാണ് ചെയ്തു കൊണ്ടിരിക്കുന്നതെന്നും എസ്എഫ്ഐ പ്രസ്താവനയിൽ അറിയിച്ചു.
ഹൈ കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്ത് ഗവർണർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.വിദ്യാർഥികളുടെ ഭാവിക്ക് തടസം ഉണ്ടാകരുത് എന്നാണ് തുടർന്നുണ്ടായ കോടതി വിധി ഊന്നൽ നൽകുന്നത്. സ്ഥിരം വി സി നിയമനം സർക്കാർ പാനൽ അനുസരിച്ച് കൊണ്ടാകണം എന്നും വിധിയിൽ പറയുന്നു. അതിനോടൊപ്പം തത്കാലികമായി നിയമനമോ പുനർനിയമനമോ ചാൻസലർക്ക് നടത്താമെങ്കിലും രണ്ട് സർവകലാശാലകളിലെയും ചട്ടങ്ങൾക്ക് വിധേയമായി മാത്രമേ നിയമനം നടത്താൻ പാടുള്ളു എന്നും വ്യക്തമാക്കുന്നുണ്ട്. എന്നാൽ കെടിയു ആക്ട് 13 (7), ഡിജിറ്റൽ സർവ്വകലാശാല ആക്ട് 10( 11) പ്രകാരം സർക്കാർ ശുപാർശ പാലിക്കണം എന്ന ചട്ടങ്ങളെ അട്ടിമറിച്ചുകൊണ്ടാണ് ഗവർണർ പുനർനിയമനം നടത്തിയിരിക്കുന്നത്.
സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിൽ വിദ്യാർഥികളെ സംബന്ധിക്കുന്ന നിരവധി വിഷയങ്ങളാണ് നിലനിൽക്കുന്നത്. തുടർച്ചയായി വിദ്യാർഥി വിരുദ്ധ നിലപാടുകൾ സ്വീകരിച്ചുകൊണ്ടാണ് ഗവർണർ പുനർനിയമനം നടത്തിയിരിക്കുന്ന വൈസ് ചാൻസിലർമാർ പ്രവർത്തിക്കുന്നത്. തുടർന്നും ഇവരെ തന്നെ വി സി മാരായി നിയമിച്ചത് സുപ്രീംകോടതി വിധിയെ അപമാനിക്കുന്നതിനോടൊപ്പം വിദ്യാർഥി വിരുദ്ധവും അത്യന്തം പ്രതിഷേധാർഹവുമാണെന്ന് എസ്എഫ്ഐ അറിയിച്ചു.
ഗവർണറുടെ ഭരണഘടനാ വിരുദ്ധമായ നിലപാടിനെതിരെ ശക്തമായ സമരപ്രക്ഷോഭങ്ങൾക്ക് എസ്എഫ്ഐ നേതൃത്വം നൽകും. സുപ്രീംകോടതി വിധി പൂർണമായും പാലിച്ച് പുനർനിയമനം റദ്ദ് ചെയ്തു കൊണ്ട് സാങ്കേതിക ഡിജിറ്റൽ സർവകലാശാലകളിൽ അടിയന്തരമായി സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കണമെന്നും അല്ലാത്തപക്ഷം ജനാധിപത്യ അവകാശത്തിന്റെ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ശക്തമായ വിദ്യാർഥി പ്രക്ഷോഭങ്ങൾ ഉയർത്തുമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്, പ്രസിഡന്റ് എം ശിവപ്രസാദ് എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.









0 comments