ആർബിഐ പണനയ സമിതി യോ​ഗം തുടങ്ങി ; പലിശനിരക്കുകള്‍ കുറച്ചേക്കും

സ്വർണപ്പണയ വായ്പ ; കടുത്ത നിബന്ധനകളുമായി ആർബിഐ

rbi guidelines for gold loan
avatar
ആർ ഹേമലത

Published on Jun 05, 2025, 12:59 AM | 2 min read


കൊച്ചി

സ്വർണപ്പണയ വായ്പകളിൽ കടുത്ത നിബന്ധനകൾ അടിച്ചേൽപ്പിക്കാൻ ആർബിഐ നീക്കം. പലിശയടക്കം വായ്പാത്തുക പൂർണമായി അടച്ചശേഷമേ വീണ്ടും പുതുക്കിനൽകാവൂ എന്ന ആർബിഐയുടെ പുതിയ മാർഗനിർദേശം കർഷകരടക്കമുള്ള സാധാരണക്കാർക്ക്‌ തിരിച്ചടിയാകും.


പണയം വയ്‌ക്കുന്ന ആഭരണങ്ങളുടെ ഉടമസ്ഥാവകാശം തെളിയിക്കാൻ, രസീത് ഹാജരാക്കണമെന്ന നിബന്ധനയുമുണ്ട്‌. തലമുറകളായി കൈമാറ്റംചെയ്തുകിട്ടിയ ആഭരണം പണയംവയ്‌ക്കുമ്പോൾ രസീത്‌ ഹാജരാക്കുക പ്രായോഗികമല്ല. സ്വർണവായ്‌പ എടുക്കുന്നവരുടെ തിരിച്ചടവുശേഷി പരിശോധിക്കണമെന്നും ആർബിഐ നിബന്ധനയുണ്ട്‌. കാർഷികവായ്പയും നിശ്ചിതതുകയ്ക്ക് മുകളിലുള്ള അടിയന്തരവായ്പകളും അപേക്ഷയിൽപറഞ്ഞ ആവശ്യത്തിനുതന്നെയാണോ ഉപയോഗിച്ചതെന്ന് നിരീക്ഷിക്കാനും നിർദേശമുണ്ട്‌. വായ്പ പൂർണമായി തിരിച്ചടച്ചശേഷം ഏഴ് പ്രവൃത്തി ദിവസത്തിനുള്ളിൽമാത്രമേ ആഭരണങ്ങൾ തിരികെനൽകൂ.


സ്വർണപ്പണയ വായ്പ സാധാരണക്കാരന് പ്രാപ്തമാകുന്നനിലയിൽ കൂടുതൽ ഉദാരമാക്കുന്നതിനുപകരം നിബന്ധനകൾ കർശനമാക്കുന്നത് സ്വകാര്യ ബാങ്കുകളെയും ബാങ്കിങ്‌ ഇതര ധനകാര്യ സ്ഥാപനങ്ങളെയും (എൻബിഎഫ്‌സി) സഹായിക്കുന്നതാണെന്ന്‌ ബെഫി അഖിലേന്ത്യാ പ്രസിഡന്റ്‌ എസ്‌ എസ്‌ അനിൽ പറഞ്ഞു.


ആർബിഐ പണനയ സമിതി യോ​ഗം തുടങ്ങി ; പലിശനിരക്കുകള്‍ കുറച്ചേക്കും

റിസർവ് ബാങ്കിന്റെ പുതിയ അടിസ്ഥാന പലിശനിരക്കുകൾ നിശ്ചയിക്കാനുള്ള പണനയസമിതി (എംപിസി) യോ​ഗം തുടങ്ങി. റിസർവ് ബാങ്ക് ​ഗവർണർ സഞ്ജയ് മൽഹോത്ര അധ്യക്ഷനായ യോ​ഗത്തിന്റെ തീരുമാനം വെള്ളിയാഴ്ച പ്രഖ്യാപിക്കും.

റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശനിരക്കായ റിപ്പോ 0.25 (25 ബേസിസ് പോയിന്റ്) മുതൽ 0.5 ശതമാനം (50 ബേസിസ് പോയിന്റ്) വരെ കുറച്ചേക്കുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ രണ്ട് എംപിസി യോ​ഗത്തിലും റിപ്പോ നിരക്ക് 0.25 ശതമാനംവീതം കുറച്ചു. നിലവില്‍ നിരക്ക് ആറുശതമാനമാണ്.


റിപ്പോനിരക്ക് കുറയുമ്പോൾ ബാങ്കുകൾ വായ്പാ പലിശനിരക്ക്‌ കുറയ്‌ക്കുന്നത്‌ വായ്പയെടുത്തവർക്ക്‌ ആശ്വാസമാകും. ഫ്ലോട്ടിങ് നിരക്കിലുള്ള വായ്പകളുടെ പലിശനിരക്കിലും കുറവുവരും. എന്നാൽ, ബാങ്കുകൾ ഇതിനനുസതിച്ച്‌ നിക്ഷേപങ്ങളുടെയും പലിശനിരക്ക്‌ കുറയ്‌ക്കാറുണ്ട്‌. ഇത്‌ നിക്ഷേപ പലിശയെ ആശ്രയിച്ച് ജീവിക്കുന്നവർക്ക് തിരിച്ചടിയാകും.


രൂപയുടെ മൂല്യം 
വീണ്ടും ഇടിഞ്ഞു

അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയമൂല്യം വീണ്ടും താഴ്ന്നു. ഇന്റർ ബാങ്ക് ഫോറെക്സ് വിപണിയിൽ 15 പൈസ നഷ്ടത്തിൽ 85.74ൽ ആരംഭിച്ച വ്യാപാരം 31 പൈസ നഷ്ടത്തിൽ 85.90രൂപയിലാണ്‌ അവസാനിച്ചത്. ആറിന് പണനയ പ്രഖ്യാപനത്തിൽ റിസർവ് ബാങ്ക് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുമെന്ന വിലയിരുത്തലും ഇന്ത്യൻ ഓഹരിവിപണിയിൽനിന്ന്‌ വിദേശനിക്ഷേപകർ നിക്ഷേപം പിൻവലിക്കുന്നതുമാണ് രൂപയുടെ തകർച്ചയ്ക്ക് പ്രധാന കാരണം.




deshabhimani section

Related News

View More
0 comments
Sort by

Home