കൂത്തുപറമ്പ് വെടിവയ്‌പ് ; റവാഡയെ കുറ്റവിമുക്തനാക്കിയത് ജുഡീഷ്യൽ കമീഷൻ


വിനോദ് പായം
Published on Jul 02, 2025, 03:13 AM | 2 min read
കണ്ണൂർ
കൂത്തുപറമ്പ് വെടിവയ്‌പ്പ് അന്വേഷിച്ച തലശേരി ജില്ലാ സെഷൻസ് ജഡ്‌ജി കെ പത്മനാഭൻനായർ കമീഷൻ അന്നത്തെ എഎസ്‌പി റവാഡ ചന്ദ്രശേഖറെ പൂർണമായും കുറ്റവിമുക്തനാക്കിയിരുന്നു. റിപ്പോർട്ടിന്റെ 41–-ാം പേജിൽ ഇങ്ങനെ പറയുന്നു:
‘‘വെടിവയ്‌പ്പ് സംഭവത്തിന് രണ്ടുദിവസംമുമ്പുമാത്രം ചുമതലയേറ്റ പരിചയസമ്പന്നനല്ലാത്ത ജൂനിയർ ഐപിഎസ് ഓഫീസറാണ് റവാഡ. അദ്ദേഹത്തിന്റെമേൽ എന്തെങ്കിലും കുറ്റംചുമത്താൻ ഒരു കാരണവും ഞാൻ കാണുന്നില്ല.’’ കമീഷൻ റിപ്പോർട്ട് ശുപാർശപ്രകാരം, പൊലീസ് എടുത്ത ക്രിമിനൽ കേസിൽനിന്ന് 2000 ഫെബ്രുവരി 29-ന് ഹൈക്കോടതി റവാഡ ചന്ദ്രശേഖറെ ഒഴിവാക്കി.
അഴിമതിക്കും വിദ്യാഭ്യാസക്കച്ചവടത്തിനുമെതിരെ ഡിവൈഎഫ്ഐ സംഘടിപ്പിച്ച സമരത്തിനുനേരെ കൂത്തുപറമ്പിൽ 1994 നവംബർ 25നാണ് വെടിവയ്‌പ്പും ലാത്തിച്ചാർജും ഉണ്ടായത്. അഞ്ചുപേർ കൊല്ലപ്പെട്ടു. എട്ടുപേർക്ക് വെടിയുണ്ടയേറ്റു. 133 പേർക്ക് ലാത്തിച്ചാചാർജിലും പരിക്കേൽക്കുകയുംചെയ്‌തു. 1995 ജനുവരി 20-നാണ് പത്മനാഭൻനായർ കമീഷൻ നിലവിൽവന്നത്. 1997 മാർച്ച് 27-ന് റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. വെടിവയ്‌പ്പിലേക്ക് നയിച്ച സാഹചര്യങ്ങൾ, വെടിവയ്‌പ്പ് നീതീകരിക്കാവുന്നതാണോ, ഉത്തരവാദികളായ വ്യക്തികളാര്, സാന്ദർഭികമായി അതിൽനിന്ന് ഉരുത്തിരിയുന്ന മറ്റു കാര്യങ്ങൾ എന്നിവയാണ് കമീഷൻ അന്വേഷിച്ചത്.
കണ്ണൂർ ഡിവൈഎസ്‌പിയായിരുന്ന അബ്ദുൽ ഹക്കീം ബത്തേരിയുടെ നേതൃത്വത്തിൽ നടന്ന, ഒഴിവാക്കാമായിരുന്ന ലാത്തിച്ചാർജാണ് വെടിവയ്‌പ്പിന് വഴിവച്ചതെന്ന് കമീഷൻ കണ്ടെത്തി. സ്ഥിതി വിലയിരുത്തുന്നതിൽ എക്സിക്യൂട്ടീവ് മജിസ്ട്രേട്ടും ഡെപ്യൂട്ടി കലക്ടറുമായിരുന്ന ടി ടി ആന്റണിക്കുണ്ടായ വീഴ്‌ചയും വെടിവയ്‌പ്പിലേക്ക് നയിച്ചുവെന്നാണ് നിഗമനം.
റിപ്പോർട്ടിന്റെ 40-–-ാം പേജിൽ റവാഡയെക്കുറിച്ച് ‘എഎസ്‌പി എത്രമാത്രം ഉത്തരവാദി’ എന്ന ഉപതലക്കെട്ടിൽ ഇങ്ങനെ വ്യക്തമാക്കുന്നു: ‘‘ആന്ധ്രയിൽനിന്നുള്ള ജൂനിയർ ഐപിഎസ് ഉദ്യോഗസ്ഥനായ റവാഡ 1994 നവംബർ 23-ന് വൈകിട്ടാണ് ആദ്യമായി തലശേരിയിൽ വരുന്നത്. കൂത്തുപറമ്പിന്റെ ഭൂമിശാസ്ത്രത്തെക്കുറിച്ചോ, രാഷ്ട്രീയ കൂട്ടുകെട്ടുകളോ അദ്ദേഹത്തിന് അറിയില്ല. വെടിവയ്‌പ്പ് ഗൂഢാലോചനയിൽ റവാഡക്കെതിരെ തെളിവായി രേഖകളൊന്നുമില്ല. സംഭവത്തിനുമുമ്പ് റവാഡ, മന്ത്രി എം വി രാഘവനെ കണ്ടതായി പരാതിക്കാർ വാദിച്ചിട്ടില്ല. തെളിവുകൾ കാണിക്കുന്നത് ഡിവൈഎസ്‌പി അബ്ദുൽ ഹക്കീം ബത്തേരിയും ഡെപ്യൂട്ടി കലക്ടർ ടി ടി ആന്റണിയുമാണ് ലാത്തിച്ചാർജിനും വെടിവയ്‌പ്പിനും ഉത്തരവാദികളെന്നാണ്. എഎസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമല്ല ലാത്തിച്ചാർജിന് തുടക്കമിട്ടത്. മന്ത്രിയുടെ എസ്‌കോർട്ടിലുള്ള ഡിവൈഎസ്‌പിയാണ് ലാത്തിച്ചാർജ് തുടങ്ങിയത്.’’
ഡിവൈഎസ്‌പിക്ക് ജോലിയില്ലാതായി
വെടിവയ്‌പ്പിന് പ്രധാന കാരണക്കാരനെന്ന് ജുഡിഷ്യൽ കമീഷൻ കണ്ടെത്തിയ ഡിവൈഎസ്‌പി അബ്ദുൽ ഹക്കീം ബത്തേരിക്ക് കമീഷൻ ശുപാർശപ്രകാരം പിന്നീട് സർവീസിൽ കയറാൻ കഴിഞ്ഞില്ല. അന്ന് കണ്ണൂർ എസ്‌പിയായിരുന്ന കെ പത്മകുമാറിനെ 1998 സെപ്‌തംബർ 29-ന് അറസ്റ്റുചെയ്‌തിരുന്നു.









0 comments