പൊലീസ്‌ മേധാവി നിയമനം ; മാധ്യമങ്ങൾ പറഞ്ഞതെല്ലാം തെറ്റി , തുടങ്ങി മുതലക്കണ്ണീർ

Rawada Chandrashekhar
avatar
സി കെ ദിനേശ്‌

Published on Jul 02, 2025, 03:09 AM | 1 min read


തിരുവനന്തപുരം

സംസ്ഥാന പൊലീസ്‌ മേധാവി നിയമനവുമായി ബന്ധപ്പെട്ട്‌ ഒരു വിഭാഗം മാധ്യമങ്ങൾ പ്രചരിപ്പിച്ച കഥകളെല്ലാം പൊളിഞ്ഞതോടെ കൂത്തുപറമ്പ്‌ വെടിവയ്പിന്റെ പേരിൽ മുതലക്കണ്ണീരൊഴുക്കൽ. 5 യുവാക്കൾ അതിദാരുണമായി കൊല്ലപ്പെട്ടപ്പോൾ ഒന്ന്‌ അനുശോചിക്കുകപോലും ചെയ്യാത്തവരാണ്‌ ഇപ്പോൾ ‘പൊട്ടിക്കരയുന്നത്‌’.


പൂരം കലക്കലുമായി ബന്ധപ്പെട്ട്‌ എഡിജിപി അജിത്‌ കുമാറിനെ കുറ്റവിമുക്തനാക്കുന്നുവെന്നായിരുന്നു ഏറെക്കാലം മാധ്യമങ്ങളുടെ ആഘോഷം. ഒടുവിലെഴുതിയത്‌ അജിത്‌കുമാർ കുറ്റക്കാരനെന്ന്‌ കണ്ടെത്തി അന്വേഷണ റിപ്പോർട്ട്‌ നൽകിയെന്നാണ്‌. ഇതേ എഡിജപിയെ സംസ്ഥാന പൊലീസ്‌ മേധാവിയാക്കാൻ വഴിവിട്ട നീക്കമെന്ന പരമ അബദ്ധമായി പിന്നീട്‌.


പൊലീസ്‌ മേധാവി നിയമനത്തിലെ നടപടിക്രമങ്ങളും ചട്ടങ്ങളും അറിയാവുന്ന ആർക്കും ഒറ്റനോട്ടത്തിൽ തന്നെ ഇത്‌ കള്ളക്കഥയാണെന്ന്‌ ബോധ്യമാകും. സംസ്ഥാനം അയക്കുന്ന പട്ടികയിൽ നിന്ന്‌ മാനദണ്ഡം, സീനിയോറിറ്റി, പ്രവർത്തന മികവ്‌ എന്നിവ കണക്കാക്കിയാണ്‌ യുപിഎസ്‌സി അന്തിമ പട്ടിക തയ്യാറാക്കുക. അതിൽ നിന്ന്‌ മികച്ചയാളെയാണ്‌ നിയമിക്കുന്നത്‌. 30വർഷം സർവീസുള്ള ഡിജിപിമാർ ഇല്ലെങ്കിലേ അതിനു താഴെയുള്ള എഡിജിപിമാരെ പരിഗണിക്കാനാകൂ. ഇതെല്ലാം മറച്ചാണ്‌ കഥകളെഴുതിയത്‌. തെറ്റിദ്ധാരണ പരത്താനുള്ള ഈനീക്കം വിലപ്പോവാതായപ്പോൾ, ചർച്ച കൂത്തുപറമ്പായി. അതിനും മണിക്കൂറുകളുടെ ആയുസ്സേയുണ്ടായുള്ളു.


സംഭവം നടക്കുന്നതിന് രണ്ടുദിവസം മുമ്പ്‌ എഎസ്‌പിയായി എത്തിയ റവാഡ ചന്ദ്രശേഖറിന്‌ കൂത്തുപറമ്പ് വെടിവയ്‌പ്പിൽ പങ്കില്ലെന്ന് ജുഡീഷ്യൽ അന്വേഷണ കമീഷൻ തന്നെ വ്യക്തമാക്കിയിരുന്നു. കമീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രതിയായിരുന്ന അന്നത്തെ ജില്ലാ പൊലീസ് മേധാവി പത്മകുമാറിന്‌ പിന്നീട് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. അന്ന്‌ കൂത്തുപറമ്പിന്റെ പേരിലുള്ള ഈ കള്ളപ്രചാരണമുണ്ടായില്ല. സുതാര്യതയും യോഗ്യതയും മാത്രമാണ്‌ സർക്കാർ മാനദണ്ഡമാക്കാറുള്ളതെന്നാണ്‌ ഇവിടെയും തെളിഞ്ഞത്‌.


റവാഡ ചന്ദ്രശേഖറെ മേധാവി ആക്കിയില്ലായിരുന്നെങ്കിലോ, രാഷ്‌ട്രീയ പകപോക്കൽ, യോഗ്യനെ വെട്ടി എന്നാകും പ്രചാരണം. ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുകയെന്ന ഏക ലക്ഷ്യമേ ഇത്തരം വാർത്തകൾക്കുള്ളൂ.



deshabhimani section

Related News

View More
0 comments
Sort by

Home