വിതരണം നിലച്ചിട്ട്‌ 10 മാസം

റേഷൻ കടകളിൽ മണ്ണെണ്ണ എത്തുന്നു

Ration Card
വെബ് ഡെസ്ക്

Published on May 07, 2025, 12:15 AM | 1 min read

മലപ്പുറം: പത്തുമാസത്തിനുശേഷം സംസ്ഥാനത്തെ റേഷൻ കടകളിൽ മണ്ണെണ്ണ എത്തുന്നു. മൂന്നുമാസത്തിന്‌ 5676 കിലോ ലിറ്ററാണ്‌ (56.76 ലക്ഷം ലിറ്റർ) കേന്ദ്രം അനുവദിച്ചത്‌. സംസ്ഥാനത്തെ മുഴുവൻ കാർഡുടമകൾക്കും ഇത്തവണ മണ്ണെണ്ണ കിട്ടും. അവശേഷിക്കുന്ന എണ്ണ മത്സ്യത്തൊഴിലാളികൾക്ക്‌ വിതരണം ചെയ്യും. സംസ്ഥാനത്ത്‌ ആകെ 95 ലക്ഷം റേഷൻ കാർഡ്‌ ഉടമകളാണുള്ളത്‌. ഇതിൽ നാലര ലക്ഷം വരുന്ന അന്ത്യോദയ അന്നയോജന (എഎവൈ) കാർഡുടമകൾക്ക്‌ ഒരുലിറ്ററും അവശേഷിക്കുന്നവർക്ക്‌ അര ലിറ്ററും വീതമാണ്‌ മൂന്നുമാസത്തേക്കുള്ള വിഹിതം. വിതരണം പൂർത്തിയായാൽ 600 കിലോ ലിറ്റർ ബാക്കിവരും. ഇത്‌ ഏകദേശം 6,25,000 ലിറ്ററുണ്ടാകും. ഇത്‌ പ്രധാന മത്സ്യബന്ധന തുറമുഖങ്ങളിൽ മണ്ണെണ്ണ മൊത്തവിതരണക്കാരുള്ള ജില്ലകൾക്ക്‌ അനുവദിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌.


കേന്ദ്രവിഹിതം നിലച്ചതിനാൽ സംസ്ഥാനത്ത്‌ മണ്ണെണ്ണ വിതരണം നിലച്ചിട്ട്‌ മാസങ്ങളായതിനാൽ മൊത്തവിതരണ ഏജൻസികൾ ഭൂരിഭാഗവും പൂട്ടി. റേഷൻ കടകളിലെ ബാരലുകൾ തുരുമ്പുപിടിച്ച്‌ ഉപയോഗശൂന്യമായി. ഇതിനിടയിലാണ്‌ കേന്ദ്ര വിഹിതമെത്തിയത്‌. വിതരണ ശൃംഖല പുനഃസ്ഥാപിച്ച്‌ മണ്ണെണ്ണ ജനങ്ങളിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ്‌ പൊതുവിതരണ വകുപ്പ്‌. ഐഒസി, ബിപിസി, എച്ച്‌പിസി കമ്പനികൾക്കാണ്‌ മണെണ്ണ അനുവദിച്ചത്‌. ഇവരുടെ മൊത്തവിതരണക്കാരിൽനിന്നാണ്‌ റേഷൻ ഉമടകൾ മണ്ണെണ്ണ എടുക്കേണ്ടത്‌. നിലവിൽ 19 ഏജൻസികൾ മാത്രമാണ്‌ പ്രവർത്തിക്കുന്നത്‌. 30 ഏജൻസികൾ കൂടി ലൈസൻസ്‌ പുതുക്കാൻ സന്നദ്ധമായിട്ടുണ്ട്‌. താലൂക്ക്‌ കേന്ദ്രങ്ങളിൽ മണ്ണെണ വിതരണത്തിന്‌ എത്തിക്കാനാണ്‌ ശ്രമം. കേന്ദ്രത്തിന്റെ തലതിരിഞ്ഞ നയം മൂലം റേഷൻകട ഉടമകൾ കടുത്ത പ്രതിസന്ധിയിലാണ്‌. പലയിടത്തും മണ്ണെണ്ണ ബാരൽ ഇല്ല. വാതിൽപ്പടി സേവനത്തിൽ ഉൾപ്പെടാത്തതിനാൽ കിലോമീറ്റർ സഞ്ചരിച്ച്‌ വേണം മണ്ണെണ്ണ എടുക്കാൻ. യാത്രാച്ചെലവ്‌ ഉടമ വഹിക്കണം. പെട്രോളിയം ഉൾപ്പന്നങ്ങൾ കൊണ്ടുപോകുന്ന ടാങ്കർ സൗകര്യവും വേണം. ഇതിനും ക്ഷാമമാണ്‌. മൂന്ന് മാസത്തിലധികം സ്റ്റോക്ക് വയ്ക്കുന്നതിനാൽ മണ്ണെണ്ണക്ക്‌ ബാഷ്‌പീകരണം സംഭവിക്കും. അളവിലും കുറവുണ്ടാകും. ഈ നഷ്ടവും വ്യാപാരികൾ സഹിക്കണം. കമീഷൻ ലിറ്ററിന്‌ ഏഴ്‌ രൂപയായി വർധിപ്പിക്കണമെന്നാണ്‌ റേഷൻ കടയുടമകളുടെ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Home