കോൺഗ്രസിലെ ‘മേജർ’ തർക്കത്തിൽ വിമർശനവുമായി ഉണ്ണിത്താൻ

തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനു പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും തമ്മിലുള്ള വാഴ്‌ത്തലുകൾ പരിധിവിട്ടതിന് പിന്നാലെ രൂക്ഷ വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപിയും രംഗത്ത്. വിജയത്തിന്റെ പിതൃത്വം ഏറ്റെടുക്കാൻ ആരും നോക്കരുതെന്ന് ഉണ്ണിത്താൻ മാധ്യമങ്ങളോട് പറഞ്ഞു.
'രമേശ് ചെന്നിത്തലയുടെ നീക്കം പുതിയ പ്രവണതണ്. നിലമ്പൂർ വിജയത്തിന്റെ ക്രെഡിറ്റ് ആരുമങ്ങനെ ഒറ്റയ്ക്ക് അടിച്ചെടുക്കാൻ ആരും ശ്രമിച്ചില്ല. കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും വിജയത്തിൽ നിർണായക പങ്കാണ്. അനാവശ്യമായ വിവാദത്തിന് ആരും മുതിരാൻ പാടില്ല. ഇത്തരം പ്രവണതകൾ ഉണ്ടായാൽ ഞങ്ങളും അഭിപ്രായം പറയേണ്ടി വരും. പറയിപ്പിക്കാതിരിക്കുന്നതാണ് എല്ലാവർക്കും നല്ലത്'- ഉണ്ണിത്താൻ പറഞ്ഞു. റീലുകൾ കൊണ്ട് വ്യക്തിപരമായി വളരുന്നവർ ആത്യന്തികമായി പ്രസ്ഥാനമാണ് വലുതെന്ന് മനസിലാക്കണമെന്നും ഷാഫി പറമ്പിലിന്റെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും പേരെടുത്ത് പറയാതെ ഉണ്ണിത്താൻ പറഞ്ഞു.
പ്രതിപക്ഷനേതാവ് ആയിരുന്നപ്പോൾ നിരവധി ഉപതെരഞ്ഞെടുപ്പുകൾ ജയിച്ചിട്ടുണ്ടെന്നും അന്നൊന്നും തന്നെയാരും ക്യാപ്റ്റനെന്ന് വിളിച്ചിട്ടില്ലെന്നായിരുന്നു ചെന്നിത്തല പറഞ്ഞത്. വി ഡി സതീശനെ ക്യാപ്റ്റനെന്ന് വിശേഷിപ്പിച്ചതാണ് ചെന്നിത്തലയെ പ്രകോപിപ്പിച്ചത്. എന്നാൽ, ചെന്നിത്തലയ്‌ക്ക് ‘മേജർ’ പദവി നൽകി പരിഹസിച്ചാണ് സതീശൻ തിരിച്ചടിച്ചത്.









0 comments