വ്യക്തത തേടൽ’ അപേക്ഷ ലിസ്റ്റ്‌ ചെയ്യാൻപോലും സുപ്രീംകോടതി തയ്യാറായില്ല

മുഖ്യമന്ത്രിയുടെ അധികാരം ചോദ്യംചെയ്യൽ ; ഗവർണർ വീണ്ടും 
നാണംകെട്ടു

Rajendra Arlekar
avatar
റിതിൻ പൗലോസ്‌

Published on Sep 23, 2025, 02:54 AM | 1 min read


ന്യൂഡൽഹി

ഡിജിറ്റൽ, സാങ്കേതിക സർവകലാശാല സ്ഥിരം വൈസ്‌ ചാൻസലർമാരുടെ നിയമന പ്രക്രിയയിൽനിന്ന്‌ മുഖ്യമന്ത്രിയെ നീക്കാനുള്ള കേരള ഗവർണറുടെ ശ്രമത്തിന്‌ സുപ്രീംകോടതിയുടെ കനത്ത പ്രഹരം. ആഗസ്‌ത്‌ 18ന്‌ കോടതി പുറപ്പെടുവിച്ച ഉത്തരവിൽ മുഖ്യമന്ത്രിക്ക്‌ നൽകിയ അധികാരം നീക്കണമെന്നും സെർച്ച്‌ കമ്മിറ്റികളിൽ യുജിസി പ്രതിനിധിയെ ഉൾപ്പെടുത്തണമെന്നുമുള്ള ഗവർണർ രാജേന്ദ്ര ആർലേക്കറുടെ ആവശ്യം സുപ്രീംകോടതി നിരാകരിച്ചു. ഗവർണറുടെ ‘വ്യക്തത തേടൽ’ അപേക്ഷ പരിഗണിക്കാനോ ലിസ്റ്റ്‌ ചെയ്യാനോ കോടതി തയ്യാറായില്ല.


റിട്ട. ജസ്റ്റിസ്‌ സുധാൻഷു ധൂലിയയുടെ നേതൃത്വത്തിൽ കോടതി രൂപീകരിച്ച സമിതിയുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ ലക്ഷ്യമിട്ട്‌ സമിതി റിപ്പോർട്ട്‌ വരുംമുന്പേ ആവശ്യങ്ങൾ പരിഗണിക്കണമെന്നായിരുന്നു ഗവർണറുടെ വാദം. മുഖ്യമന്ത്രിക്ക്‌ നിയമനാധികാരമുണ്ടോയെന്നതിൽ വ്യക്തയില്ലാത്തത്‌ ആശങ്കാജനകമാണെന്നും വാദിച്ചു. ധൂലിയ സമിതി റിപ്പോർട്ട്‌ വരുന്നതുവരെ കാത്തിരിക്കാൻ പറ്റില്ലേയെന്ന്‌ ചോദിച്ച ജസ്റ്റിസുമാരായ ജെ ബി പർദിവാല, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ച്‌ ഗവർണറുടെ നീക്കം ഖണ്ഡിച്ചു. റിപ്പോർട്ട്‌ സമർപ്പിച്ചാലേ ഇക്കാര്യങ്ങൾ പരിശോധിക്കൂവെന്ന്‌ ബെഞ്ച്‌ തീർത്തുപറഞ്ഞു. അപേക്ഷയെ എതിർത്ത സർക്കാർവാദം അംഗീകരിച്ചായിരുന്നു ഇത്‌. അപേക്ഷ സമിതിയുടെ പരിഗണനയ്‌ക്കെങ്കിലും വിടണമെന്ന ഗവർണറുടെ ആവശ്യവും കോടതി തള്ളി.


അറ്റോർണി ജനറൽ (എജി) ആർ വെങ്കിട്ടരമണിയാണ്‌ ഗവർണർക്കുവേണ്ടി അപേക്ഷ പരാമർശിച്ചത്‌. മുഖ്യമന്ത്രിക്കാണ്‌ ചുരുക്കപ്പട്ടിക സമർപ്പിക്കേണ്ടതെന്നും മുഖ്യമന്ത്രി നൽകുന്ന മുൻഗണന പട്ടികയിൽനിന്ന്‌ മാത്രമേ വിസി നിയമനം പാടുള്ളുവെന്നുമുള്ള വിധിയിലെ ഭാഗം നീക്കണമെന്നും എജി വാദിച്ചു. പശ്ചിമബംഗാൾ കേസിൽ മുഖ്യമന്ത്രിക്ക്‌ അധികാരം നൽകിയത്‌ തർക്കത്തിന്‌ വഴിവച്ചതോടെ അതൊഴിവാക്കി കോടതി ഭേദഗതി വരുത്തിയിരുന്നു.


ഇ‍ൗ ഉത്തരവ്‌ പരാമർശിച്ചായിരുന്നു വാദം. എജി പരാമവധി സമ്മർദം ചെലുത്തിയെങ്കിലും കോടതി നിരാകരിച്ചു. നിയമന പ്രക്രിയ തടസ്സപ്പെടുത്താനാണ്‌ അപേക്ഷയെന്ന്‌ സംസ്ഥാന സർക്കാരിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയദീപ്‌ ഗുപ്‌തയും സ്റ്റാൻഡിങ്‌ കോൺസൽ സി കെ ശശിയും ചൂണ്ടിക്കാട്ടി.



deshabhimani section

Related News

View More
0 comments
Sort by

Home